പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പണി കിട്ടും; 10,000 രൂപ പിഴ; പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ ഉപയോഗിച്ചാല്‍ ഇനി മുതല്‍ കനത്ത 'വില' നല്‍കേണ്ടി വരും

March 02, 2020 |
|
News

                  പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പണി കിട്ടും; 10,000 രൂപ പിഴ; പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ ഉപയോഗിച്ചാല്‍ ഇനി മുതല്‍ കനത്ത 'വില' നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയും തുക പിഴയായി നല്‍കേണ്ടി വരിക. എന്നാല്‍ ഈആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന യോഗ്യമല്ലാതായിത്തീരുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. അതിനു പിന്നാലെയാണ് ഈ ശക്തമായ തീരുമാനവുമായി ആദായനികുതി വകുപ്പ് എത്തുന്നത്.

ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടത്. തത്വത്തില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും പാന്‍ ഉടമ പിഴയടയ്ക്കാന്‍ നിര്‍ബന്ധിതനാകും. ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. ബാങ്കില്‍ 50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടിവരും. അസാധുവായ പാന്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴ നല്‍കേണ്ടി വരും.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പിഴബാധകമാവില്ല. എന്നിരുന്നാലും, പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്നാല്‍ അത് ആദായനികുതിയുടെ പരിധിയില്‍ വരുന്ന ഇടപാടുകളാണെങ്കില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാം. അതായത് 50,000 രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാന്‍ പ്രവര്‍ത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ പിഴനല്‍കേണ്ടതുമില്ല. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താല്‍മതി പഴയത് പ്രവര്‍ത്തനയോഗ്യമാകും.

Related Articles

© 2025 Financial Views. All Rights Reserved