'പണ്ടോറ പേപ്പര്‍' പുറത്ത്: അനധികൃത സ്വത്ത് സമ്പാദന പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും അനില്‍ അംബാനിയും

October 04, 2021 |
|
News

                  'പണ്ടോറ പേപ്പര്‍' പുറത്ത്:  അനധികൃത സ്വത്ത് സമ്പാദന പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും അനില്‍ അംബാനിയും

കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് പുറത്തുവിട്ട 'പണ്ടോറ പേപ്പര്‍' എന്നിറിയപ്പെടുന്ന ഡിജിറ്റല്‍ രേഖകള്‍ ലോക നേതാക്കളെയടക്കം മുള്‍മുനയിലാക്കിയിരിക്കുകയാണ്. ലോകത്തെ പ്രമുഖരുടേയും കുറ്റവാളികളുടേയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെ രേഖകളില്‍ 300 പോരോളം ഇന്ത്യക്കാരണെന്നതാണു ഞെട്ടിക്കുന്ന വസ്തുത. ഇതില്‍ ആറോളം ഇന്ത്യക്കാരുടേയും ഏഴോളം പാകിസ്ഥാന്‍കാരുടേയും പേര് ഐ.സി.ഐ. എടുത്തു പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി, വിവാദ വജ്ര വ്യാപാരി നിരവ് മോദിയുടെ സഹോദരി എന്നിവരാണ് ഇന്ത്യയില്‍നിന്നു ഉള്‍പ്പെട്ട പ്രമുഖര്‍.

പാപ്പരത്ത നടപടികളുമായി മുന്നോട്ടുപോകുന്ന അനില്‍ അംബാനിക്ക് പുറംലോകം അറിയാത്ത 18 ആസ്തികളുണ്ടെന്നു റിപ്പോര്‍ട്ടിലുണ്ട്. നീരവ് മോദി രാജ്യം വിടുന്നതിനു ഒരു മാസം മുമ്പ് മാത്രമാണ് സഹോദരി ഒരു ട്രസ്റ്റ് ആരംഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2016ല്‍ പനാമ പേപ്പര്‍ പുറത്തുവന്നതിനു പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കാര്‍ തന്റെ വെളിപ്പെടുത്താത്ത സ്വത്തുക്കളില്‍ പലതും വിറ്റഴിച്ചെന്നും പണ്ടോറ പേപ്പര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സച്ചിന്റെ നിക്ഷേപങ്ങളെല്ലാം നിയമവിധേയമാണെന്നും നികുതി വിഭാഗങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അഭിഭാഷകന്‍ പ്രതികരിച്ചു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മന്ത്രിസഭയിലെ ധനകാര്യ മന്ത്രി, ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഇത്തവണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പനാമ പേപ്പര്‍ പുറത്തുവന്നതിനെ തുടര്‍ന്നു പാകിസ്താനിലേയും ഐസ്ലന്‍ഡിലേയും ഭരണം തന്നെ താറുമാറായിരുന്നു. ആക്സാക്റ്റിന്റെ സി.ഇ.ഒ. ഷോയിബ് ഷെയ്ക്കും മാധ്യമ കമ്പനി ഉടമകളും ഉള്‍പ്പെടെ 700 ഓളം പാക്കിസ്ഥാനികളാണ് നിലവില്‍ മുള്‍മുനയിലായിരിക്കുന്നത്. വാര്‍ത്ത സ്ഥാപനമായ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇമ്രാന്‍ ഖാന്റെ മുന്‍ ധനകാര്യ- വരുമാന ഉപദേഷ്ടാവ് വാഗര്‍ മസൂദ് ഖാന്‍, പി.എം.എല്‍-ക്യു നേതാവ് ചൗധരി മൂണിസ് ഇലാഹി എന്നിവരും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറ്റാലിയന്‍ സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫര്‍, പോപ്പ് ഐക്കണ്‍ ഷക്കീറ എന്നിവരും വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലോകത്തെ 14 സ്ഥാപനങ്ങളില്‍നിന്നുള്ള 1.2 കോടിയോളം വരുന്ന രേഖകളാണ് കഴിഞ്ഞ ദിവസം ഐ.സി.ജെ. പുറത്തുവിട്ടത്. നൂറുകണക്കിന് ലോക നേതാക്കള്‍, ശക്തരായ രാഷ്ട്രീയക്കാര്‍, ശതകോടീശ്വരന്‍മാര്‍, സെലിബ്രിറ്റികള്‍, മതനേതാക്കള്‍, മയക്കുമരുന്ന് വ്യാപാരികള്‍ എന്നിവര്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒളിച്ചുവച്ച ആസ്തി വിരങ്ങളാണ് ചോര്‍ന്നത്. മണിമാളികകള്‍, ആഡംബര ബീച്ച് ഫ്രണ്ട് ആസ്തികള്‍, വള്ളങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവയിലാണ് ആസ്തികള്‍ മറച്ചുവച്ചിട്ടുള്ളത്. ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 117 രാജ്യങ്ങളിലെ 150ല്‍ പരം മാധ്യമങ്ങളില്‍ നിന്നുള്ള 600 പത്രപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്നു. 'പണ്ടോറ പേപ്പറുകള്‍' എന്ന് വിളിക്കുന്ന ഈ റിപ്പോര്‍ട്ട് വരേണ്യവര്‍ഗവും അഴിമതിക്കാരും മറച്ചുവെച്ച ഇടപാടുകളിലേക്കും, ലക്ഷം കോടി കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ സംരക്ഷിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved