
മുംബൈ: രാജ്യത്തെ വാണിജ്യ മേഖല വന്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയില്‍ നിന്നുള്ള വിപണി കോടികള്‍ കൊയ്യുന്നുവെന്ന് റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2018-19നേക്കാള്‍ 25 ശതമാനം വിപണിയില്‍ വര്‍ദ്ധനയുണ്ടായെന്നും ഇത് 75000 കോടിയിലേക്ക് ആകെ മൂല്യം വര്‍ധിച്ചുവെന്നും വ്യക്തമാക്കുന്നു.ഗ്രാമീണ മേഖലയിലെ മുഖ്യ ഉല്‍പന്നങ്ങളായ പപ്പടം, തേന്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്കാണ് മികച്ച വിപണി ലഭിക്കുന്നത്.
ഖാദി ഉല്‍പന്നങ്ങളുടെ വിപണിയിലും മികച്ച വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.3 ശതമാനം അധികം വ്യാപാരം ഇപ്പോള്‍ നടക്കുന്നുണ്ട്. നാലു വര്‍ഷത്തെ വിപണി നോക്കിയാല്‍ ഏറ്റവും വലിയ വര്‍ധനയാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ നേതൃത്വത്തിലുള്ള വിപണി രാജ്യത്തെ മുന്‍നിര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണി ലീവറിന്റെ വരുമാനത്തേക്കാള്‍ ഇരട്ടിയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 38000 കോടി രൂപയുടെ വില്‍പനയാണ് ഹിന്ദുസ്ഥാന്‍ യൂണീ ലീവര്‍ രേഖപ്പെടുത്തിയത്. വന്‍ ലാഭം നേടാന്‍ സാധിച്ചതോടെ തങ്ങളുടെ വിപണിയില്‍ നിന്നും ലഭിച്ച മൂല്യവും രാജ്യത്തെ മുന്‍നിരയില്‍ നില്‍ക്കുന്ന 25 കമ്പനികളുടെ വില്‍പന മൂല്യവും തമ്മില്‍ താരതമ്യം ചെയ്യുകയാണ് ഖാദി അധികൃതര്‍. 2019-20ല്‍ 20 ശതമാനം അധികം വര്‍ധനയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഉപഭോഗം കുറയുന്നത് ഉപഭോക്തൃ ഉത്പന്ന വിപണിയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ നീല്‍സണ്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ ഉത്പന്ന വിപണി (എഫ്.എം.സി.ജി.) യുടെ വളര്‍ച്ച പത്തു ശതമാനത്തിലേക്കു താഴ്ന്നു. 2018 ജൂലായ്-സെപ്റ്റംബര്‍ കാലത്ത് 16.2 ശതമാനമായിരുന്ന സ്ഥാനത്താണിത്.
2019-ല്‍ ആദ്യ ആറുമാസം മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച 12 ശതമാനം മാത്രമാണ്. 13 മുതല്‍ 14 വരെ ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. പുതിയ കണക്കനുസരിച്ച് 2019 -ല്‍ ഒമ്പതു മുതല്‍ 10 ശതമാനം വരെയായിരിക്കും ഈ രംഗത്തെ വളര്‍ച്ചനിരക്കെന്ന് നീല്‍സണ്‍ ദക്ഷിണേഷ്യ മേധാവി സുനില്‍ ഖിയാനി പറഞ്ഞു. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പത്തു മുതല്‍ 11 ശതമാനം വരെ വളര്‍ച്ചയുണ്ടാകും. എന്നാല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ഏഴുമുതല്‍ എട്ടു ശതമാനംവരെ മാത്രമായിരിക്കും വില്‍പ്പന വളര്‍ച്ച. അളവിന്റെയടിസ്ഥാനത്തില്‍ നോക്കിയാല്‍ ജനുവരി -മാര്‍ച്ച് കാലത്തെ 9.9 ശതമാനത്തില്‍നിന്ന് 6.2 ശതമാനത്തിലേക്കാണ് ഇടിവ്.
വിതരണക്കാര്‍ ഇടപാടിനായി കൂടുതലും പണത്തെയാണ് ആശ്രയിച്ചിരുന്നത്. തിരഞ്ഞെടുപ്പുകാലത്ത് അധികം പണം കൊണ്ടുനടക്കാനാവുമായിരുന്നില്ല. ഇത് വില്‍പ്പന കുറയാന്‍ കാരണമായി.ഉപഭോക്തൃ ഉത്പന്ന വിപണിയുടെ 37 ശതമാനം ഗ്രാമീണമേഖലയിലാണ്. കാര്‍ഷികമേഖലയിലെ തിരിച്ചടികള്‍ ആളുകളുടെ വരുമാനം കുറച്ചു. ഇത് വാങ്ങല്‍ശേഷിയെ ബാധിച്ചിട്ടുണ്ട്. ആകെ മൂന്നു ലക്ഷം കോടി രൂപ വരുന്നതാണ് രാജ്യത്തെ ഉപഭോക്തൃ ഉത്പന്ന വിപണി. രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങളെയാണ് മാന്ദ്യം കൂടുതല്‍ പിടികൂടിയിരിക്കുന്നത്. ഹരിയാണ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്.