
മുംബൈ: ജാപ്പനീസ് കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പറേഷന്‍, മാരുതിയുടെ കൂടുതല്‍ ഓഹരികള്‍ വാങ്ങി. 2,84,322 ഓഹരികളാണ് അധികമായി വാങ്ങിയത്. ഇതോടെ കമ്പനിയുടെ ആകെ ഓഹരി 56.37 ശതമാനത്തിലേക്ക് ഉയര്‍ന്നു. നേരത്തെ 56.28 ശതമാനം ഓഹരിയായിരുന്നു സുസുകിയുടെ കൈവശം ഉണ്ടായിരുന്നത്.
ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖയില്‍ മാരുതി സുസുകിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 204.31 കോടി രൂപയാണ് ഇത്രയും ഇക്വിറ്റി ഓഹരികള്‍ വാങ്ങാന്‍ സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ ചെലവാക്കിയത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലും 211000 ഓഹരികള്‍ സുസുകി വാങ്ങിയിരുന്നു. അന്ന് 134.26 കോടി രൂപയാണ് ചെലവാക്കിയത്. ഇതിലൂടെ കമ്പനിയുടെ ഓഹരി പങ്കാളിത്തം 56.21 ശതമാനമായി ഉയര്‍ന്നിരുന്നു.
ലോക്ക്ഡൗണില്‍ വന്‍ തിരിച്ചടിയേറ്റ കമ്പനിക്ക് കഴിഞ്ഞ മാസങ്ങളില്‍ നേട്ടമുണ്ടാക്കാനായിരുന്നു. ജൂലൈയില്‍ 15 ശതമാനമായിരുന്നു കമ്പനിയുടെ വളര്‍ച്ച. ഓഗസ്റ്റിലിത് 17 ശതമാനത്തിലേക്ക് ഉയര്‍ന്നു. എന്‍ട്രി ലെവല്‍ സെഗഗ്മെന്റിലെ വന്‍ വില്‍പ്പനയാണ് നേട്ടമായത്. ഓള്‍ട്ടോ, എസ് പ്രസോ കാറുകള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ വലിയ തോതില്‍ ഡിമാന്റ് ഉയര്‍ന്നിരുന്നു.