
ആഗോള ഭീമന്മാരായ വാള്‍മാര്‍ട്ടിനെ കോടതി കയറ്റിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ പാര്‍ലെ അഗ്രോ. ട്രേഡ്മാര്‍ക്ക് ചട്ടം ലംഘിച്ചതാണ് പ്രശ്നം. പ്രചാരമേറിയ ആപ്പി ഫിസ്സിന്റെ രൂപഭാവത്തില്‍ വാള്‍മാര്‍ട്ട് ഇന്ത്യ പുതിയ ഉത്പന്നം വിപണിയിലെത്തിച്ചിരിക്കുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പാര്‍ലെ അഗ്രോ വാള്‍മാര്‍ട്ട് ഇന്ത്യയ്ക്ക് എതിരെ കോടതിയില്‍ പോയത്. ട്രേഡ്മാര്‍ക്ക് ചട്ടം ലംഘിച്ചതിന് തദ്ദേശീയ കമ്പനി ബഹുരാഷ്ട്ര കമ്പനിയെ കോടതി കയറ്റുന്നത് രാജ്യത്ത് അപൂര്‍വമായ സംഭവമാണ്. ബോംബെ ഹൈക്കോടതിയിലാണ് കേസ് നടക്കുന്നത്.
സംശയാസ്പദമായ ഉത്പന്നത്തിന്റെ വില്‍പ്പന നിര്‍ത്താന്‍ വാള്‍മാര്‍ട്ട് ഇന്ത്യയോട് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ബിപി ചൊലബവല്ല ഇടക്കാല ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഫിസ്സി ആപ്പിള്‍ എന്നാണ് വാള്‍മാര്‍ട്ട് പുറത്തിറക്കുന്ന പുതിയ ശീതളപാനീയത്തിന്റെ പേര്. ആപ്പി ഫിസ്സിനെ അനുകരിച്ചാണ് ഫിസ്സി ആപ്പിള്‍ വിപണിയിലെത്തുന്നതെന്ന് പാര്‍ലെ അഗ്രോ ആരോപിക്കുന്നു. വാള്‍മാര്‍ട്ട് ഉത്പന്നത്തിന് മേലുള്ള എഴുത്തും ശൈലിയും നിറവും ഘടനയുമെല്ലാം ആപ്പി ഫിസ്സിന്റേതിന് സമാനം, പരാതിയില്‍ പാര്‍ലെ അഗ്രോ സൂചിപ്പിക്കുന്നു.
അടയാളം കുപ്പിയുടെ ആകാരം, നിറശൈലി, ലേബല്‍ എന്നിങ്ങനെ ആപ്പി ഫിസ്സിനെ അതേപടി പകര്‍ത്താനാണ് വാള്‍മാര്‍ട്ട് ശ്രമിച്ചിരിക്കുന്നതെന്ന് പാര്‍ലെ അഗ്രോയ്ക്കായി ഹാജരായ അഭിഭാഷകന്‍ ഹിരണ്‍ കമോദ് കോടതിയെ അറിയിച്ചു. ആപ്പിള്‍ ജ്യൂസ് ശ്രേണിയില്‍ ആപ്പി ഫിസ്സിന് 90 ശതമാനത്തോളം വിപണി വിഹിതമുണ്ടെന്നാണ് പാര്‍ലെയുടെ അവകാശവാദം. 2005 -ലാണ് പാര്‍ലെ ആപ്പി ഫിസ്സ് ഇന്ത്യയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് വന്നത്.
ഇതേസമയം, വാള്‍മാര്‍ട്ട് ഇന്ത്യയ്ക്കായി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മല്‍ഹോത്ര പാര്‍ലെ അഗ്രോയുടെ ആരോപണം തള്ളിയിട്ടുണ്ട്. ഫിസ്സി എന്ന ഇംഗ്ലീഷ് വാക്ക് പൊതുവായി ഉപയോഗിക്കുന്ന വിവരണാത്മക പദമാണ്. ഇതിന് മേല്‍ ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഇദ്ദേഹം അറിയിച്ചു. വിഷയത്തില്‍ ജൂലായ് 9 -നാണ് ജസ്റ്റിസ് ചൊലബവല്ല ഇടക്കാല ഉത്തരവിറക്കിയത്. ഓഗസ്റ്റ് 20 -ന് കേസ് വീണ്ടും പരിഗണിക്കും. പരാതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പാര്‍ലെ അഗ്രോയോ വാള്‍മാര്‍ട്ടോ ഇതുവരെ തയ്യാറായിട്ടില്ല.