
മുംബൈ: രാജ്യത്തെ വിപണി രംഗം മന്ദതയില്‍ നീങ്ങുന്ന വേളയിലാണ് 8000 മുതല്‍ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് ഇന്ത്യയിലെ ബിസ്‌ക്കറ്റ് ഭീമനായ പാര്‍ലെ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ലെ ഉല്‍പന്നങ്ങളുടെ വിപണിയില്‍ ശക്തമായ തിരിച്ചടിയാണ് നേരിടുന്നതെന്നും കമ്പനി അറിയിച്ചു. കിലോയ്ക്ക് 100 രൂപയ്ക്ക് മുകളില്‍ വരുന്ന ബിസ്‌ക്കറ്റുകള്‍ക്ക് ജിഎസ്ടി കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് കമ്പനി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ച് വിടേണ്ടി വരുമെന്ന് പാര്‍ലെ ഉല്‍പന്നങ്ങളുടെ തലവനായ മായങ്ക് ഷാ പറഞ്ഞു. 10,000 കോടി രൂപ വിറ്റു വരവുള്ള പാര്‍ലേയ്ക്ക് ഒരു ലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. സ്വന്തമായി 10 പ്ലാന്റുകളാണ് പാര്‍ലേയ്ക്കുള്ളത്. പാര്‍ലെ ഇറക്കിയതില്‍ പാര്‍ലെ ജി, മൊണാക്കോ, മാരി ഗോള്‍ഡ് എന്നിവ ഏറെ ജനപ്രിയമായ ഉല്‍പന്നങ്ങളായിരുന്നു. മാത്രമല്ല വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഗ്രാമപ്രദേശങ്ങളില്‍ നിന്നാണെന്നും പാര്‍ലെ അവകാശപ്പെടുന്നു.
ആദ്യം 12 ശതമാനം നികുതിയായിരുന്ന ബിസ്‌ക്കറ്റുകള്‍ക്ക് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ നികുതി 18 ശതമാനമായി. ഇതോടെ വില്‍പന വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്ക് മേല്‍ സമ്മര്‍ദ്ദമുയര്‍ന്നിരുന്നു. ഈ വേളയിലാണ് ബിസ്‌ക്കറ്റുകള്‍ക്ക് കമ്പനി അഞ്ചു ശതമാനം നികുതി വര്‍ധിപ്പിച്ചത്.
രാജ്യത്തെ മറ്റൊരു ബിസ്‌ക്കറ്റ് കമ്പനിയായ ബ്രിട്ടാനിയയും ഇതേ കാര്യത്തില്‍ തന്നെ ഏതാനും ദിവസം മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഞ്ചു രൂപ വിലയുള്ള ബിസ്‌ക്കറ്റ് -ഡയറി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പോലും ആളില്ലെന്ന് ബ്രിട്ടാനിയ മാനേജിങ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞിരുന്നു. ഇത്രയും വില കുറഞ്ഞ ഉല്പന്നം വാങ്ങുന്നതിന് മുന്‍പ് പോലും ജനങ്ങള്‍ രണ്ടു തവണ ചിന്തിക്കുന്നുണ്ടെന്നും ചിലവ് ചുരുക്കുക എന്ന പ്രവണത ശക്തമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.