
ബെംഗളൂരു: രാജ്യത്തെ ഏറ്റവും പഴക്കമുള്ള ട്രാവല്‍ ആന്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ക്ലിയര്‍ട്രിപിനെ ഫ്‌ലിപ്കാര്‍ട് ഏറ്റെടുത്തേക്കും. വിവിധ സെഗ്മെന്റുകളിലായി വാള്‍മാര്‍ട്ട് വാങ്ങിയ കമ്പനികളുടെ നിരയില്‍ ഏറ്റവും പുതിയതാണിത്. പണമായും ഓഹരിയായും നിക്ഷേപം നടത്തിയാവും ഏറ്റെടുക്കല്‍ നടക്കുകയെന്നാണ് വിവരം. ക്ലിയര്‍ട്രിപിന് 40 ദശലക്ഷം ഡോളറാണ് നിലവില്‍ കണക്കാക്കിയിരിക്കുന്ന മൂല്യം. ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ അവസാനിക്കുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡീലിനെ കുറിച്ച് ഇരു കമ്പനികളും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഹൃഷ് ഭട്ട്, മാത്യു സ്പാസീ, സ്റ്റുവര്‍ട് ക്രൈടണ്‍ എന്നിവര്‍ ചേര്‍ന്നാണ് 2006 ല്‍ ക്ലിയര്‍ട്രിപ് ആരംഭിച്ചത്. എയര്‍ ട്രാവല്‍, ഹോട്ടല്‍ ബുക്കിങ് സേവനമായിരുന്നു തുടക്കം. എന്നാല്‍ 2019 ല്‍ തുടങ്ങിയ കൊറോണ വൈറസ് വ്യാപനവും ഇതിലൂടെ ടൂറിസം രംഗത്തിനേറ്റ തിരിച്ചടിയും കമ്പനിയെ പ്രതിസന്ധിയിലാക്കി.
അതേസമയം ഈസിമൈട്രിപ്, ബുക്കിങ്.കോം, യാത്ര തുടങ്ങിയ കമ്പനികളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവും ക്ലിയര്‍ട്രിപിന് തിരിച്ചടിയായിരുന്നു. 2016 ല്‍ 70 ദശലക്ഷം ഡോളര്‍ ക്ലിയര്‍ ട്രിപ് ഓഹരി വിറ്റ് സ്വരൂപിച്ചിരുന്നു. അന്ന് 300 ദശലക്ഷം ഡോളറായിരുന്നു കമ്പനിയുടെ മൂല്യം കണക്കാക്കിയിരുന്നത്. ഏറ്റെടുത്താലും കമ്പനിയുടെ മാനേജ്‌മെന്റ്, തൊഴിലാളികള്‍ എന്നിവരെല്ലാം ഫ്‌ലിപ്കാര്‍ട്ടിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ ഭാഗമായി തുടരും.