
ദില്ലി: ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നു. 5.89% വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. സിയാമിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ 5,40,384 യൂനിറ്റ് യാത്രാവാഹനങ്ങളാണ് ഇന്ത്യ നിര്‍മിച്ച് കയറ്റുമതി ചെയ്തത്. 2018-19 ല്‍ സമാന കാലയളവില്‍ 510305 യൂനിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തിരുന്നത്. ആഭ്യന്തര വാഹനവിപണിയില്‍ കനത്ത ഇടിവ് നേരിടുന്ന സമയത്താണ് പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുന്നത്.കാറുകളുടെ കയറ്റുമതിയില്‍ 4.44% ഉയര്‍ന്ന് 4,04552 യൂനിറ്റായി മാറി. ഇതേകാലയളവില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുതി 11.14% ഉയര്‍ന്ന് 133511 യൂനിറ്റായി മാറി. 1,44,982 യൂനിറ്റുകള്‍ കയറ്റിയയച്ചുകൊണ്ട് ഹ്യുണ്ടായ് മോട്ടോഴ്‌സാണ് പാസഞ്ചര്‍ വാഹനവിഭാഗത്തില്‍ മുമ്പിലെത്തിയത്.
15.17% വളര്‍ച്ചയാണ് ഇവര്‍ നേടിയത്. 90 രാജ്യങ്ങളിലേക്കാണ് ഹ്യൂണ്ടായ് വാഹനങ്ങള്‍ കയറ്റിയയച്ചത്. ഫോര്‍ഡ് ഇന്ത്യ,മാരുതി സുസുകിയുമാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. പക്ഷെ ഫോര്‍ഡ് 106084 യൂനിറ്റ് കയറ്റിയയച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാല്‍ 12.57% കയറ്റുമതി ഇടിവാണ് ഫോര്‍ഡിന് നേരിട്ടത്. മാരുതി സുസുകിക്ക് 1.7% ഇടിവോടെ 75948 യൂനിറ്റുകളാണ് കയറ്റിയയച്ചത്. അതേസമയം ഫോക്‌സ് വാഗണ്‍,നിസാന്‍ മോട്ടോഴ്‌സ്,കിയമോട്ടോഴ്‌സ് ഇന്ത്യ എന്നിവയുടെ കയറ്റുമതിയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.