
ന്യൂഡല്‍ഹി: പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ജനുവരിയില്‍ 4.61 ശതമാനം കുറഞ്ഞ് 2,90,879 യൂണിറ്റായി ചുരുങ്ങിയെന്ന് ഓട്ടോ മൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 1,432 റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫഡ) ശേഖരിച്ച 1,223 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പ്രകാരം 2019 ജനുവരിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 3,04,929 യൂണിറ്റായി. ഇരുചക്രവാഹന വില്‍പ്പന 8.82 ശതമാനം ഇടിഞ്ഞ് 12,67,366 യൂണിറ്റായി. 2019 ജനുവരിയില്‍ 13,89,951 യൂണിറ്റായിരുന്നു. അതുപോലെ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 6.89 ശതമാനം ഇടിഞ്ഞ് 82,187 യൂണിറ്റായി. 2019 ജനുവരിയില്‍ 88,271 യൂണിറ്റായി. എന്നാല്‍ ത്രീ-വീലര്‍ വില്‍പ്പന 9.17 ശതമാനം ഉയര്‍ന്ന് 63,514 യൂണിറ്റായി. 2019 ജനുവരിയില്‍ 58,178 യൂണിറ്റായിരുന്നു. എല്ലാ വിഭാഗത്തിലുമായുള്ള മൊത്തം വില്‍പ്പന 7.17 ശതമാനം ഇടിഞ്ഞ് 17,50,116 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 18,85,253 യൂണിറ്റായിരുന്നു.
ജനുവരി മാസത്തില്‍ ത്രീ വീലറുകള്‍ ഒഴികെയുള്ള വാഹന വില്‍പ്പന വളരെ മോശമായിരുന്നു. പല ഉപഭോക്താക്കളുടെയും വാഹനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ കാലതാമസമുണ്ടായതും ബിഎസ്-4 ല്‍ നിന്ന് ബിഎസ്-ആറിലേക്ക് മാറിയതും കാരണമാണെന്ന് ഫഡാ പ്രസിഡന്റ് ആശിഷ് ഹര്‍ഷരാജ് കേല്‍ പ്രസ്താവനയില്‍ പറഞ്ഞു. മൊത്തത്തില്‍ സാമ്പത്തിക നില ദുര്‍ബലമായി തുടരുകയാണ്. 2020 ലെ ബജറ്റ് പോലും ദീര്‍ഘകാലത്തേക്ക് വാഹനമേഖലയുടെ വളര്‍ച്ച ലക്ഷ്യം വയ്ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വില്‍പ്പന കാഴ്ചപ്പാടില്‍, ദുര്‍ബലമായ ഉപഭോക്തൃ വികാരവും മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യവും, ബിഎസ്-ആറിന്റെ കടന്നുവരവും, കാലാനുസൃതമായി വരാനിരിക്കുന്ന മാറ്റങ്ങളും വിപണിയെ ചലനാത്മകമായി നിലനിര്‍ത്തുമെന്നും കേല്‍ പറഞ്ഞു. വാഹന വ്യവസായത്തിനും, മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയ്ക്കും വേണ്ടി ക്രിയാത്മക നടപടികള്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. അത് വളര്‍ച്ചാ പാതയിലേക്ക് വേഗത്തില്‍ മടങ്ങിവരാന്‍ ഞങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.