രാജ്യത്തെ വാഹന വില്‍പ്പന നഷ്ടത്തിലേക്ക്; പാസഞ്ചര്‍ വാഹന വില്‍പ്പന 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

August 25, 2020 |
|
News

                  രാജ്യത്തെ വാഹന വില്‍പ്പന നഷ്ടത്തിലേക്ക്; പാസഞ്ചര്‍ വാഹന വില്‍പ്പന 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

കോവിഡ് 19 ആഘാതവും സാമ്പത്തിക മാന്ദ്യവും കാരണം രാജ്യത്തെ വാഹന വില്‍പ്പന നഷ്ടത്തിലേക്ക് നീങ്ങുന്നു. 2009-10 കാലയളവില്‍ വിറ്റതിനെക്കാള്‍ താഴ്ന്ന നിലയിലാണ് 2020-21 ലെ വാഹന വില്‍പ്പന കണക്കുകള്‍. ഇതിനാല്‍ത്തന്നെ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പന 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ വാഹന മേഖല വില്‍പ്പനയില്‍ നേരിയ പുരോഗതി പ്രകടിപ്പിച്ചിരുന്നെങ്കിലും, വ്യവസായത്തിന്റെ വിനിയോഗശേഷി ഏകദേശം 50 ശതമാനം അല്ലാത്തപക്ഷം മികച്ച നിലയില്‍ 60 ശതമാനം മാത്രമായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജൂലൈയില്‍ ഡിമാന്‍ഡ് സ്ഥിരത കൈവരിക്കുമ്പോഴും, പോയ വര്‍ഷം ഇതേ മാസത്തില്‍ നേടിയ വില്‍പ്പനയെ അപേക്ഷിച്ച് കുറച്ച് കമ്പനികള്‍ക്കെങ്കിലും പോസിറ്റീവായി തുടരാന്‍ സാധിച്ചു.

മറ്റു വിഭാഗങ്ങള്‍ക്കും സ്ഥിതി സമാനമാണെന്നും, അവിടെ വലിയ തോതിലുള്ള ഇടിവ് കണക്കാക്കപ്പെടുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പറയുന്നു. ഹെവി ഇന്‍ഡസ്ട്രീസ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയങ്ങള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിയ ആഭ്യന്തര അവതരണത്തിലാണ് സിയാം ഇത് വ്യക്തമാക്കിയത്. സിയാം പ്രവചനമനുസരിച്ച് 2020-21 കാലയളവില്‍, പാസഞ്ചര്‍ വാഹനങ്ങളുടെ (കാറുകള്‍, എസ്യുവി, വാനുകള്‍) വില്‍പ്പന 1.91 ദശലക്ഷം യൂണിറ്റായിരിക്കും. ഇത് 2009-10 കാലയളവില്‍ വിറ്റത് 1.95 ദശലക്ഷം യൂണിറ്റിനെക്കാള്‍ കുറവാണ്.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ വിറ്റഴിച്ച 12-13.4 ദശലക്ഷം ഇരുചക്ര വാഹനങ്ങളെക്കാള്‍ കുറവായിരിക്കും ഈ സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കാന്‍ സാധ്യത. ഇന്ത്യയിലെ വാഹന വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഘടനയാണ് സിയാം. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ടിവിഎസ്, മെഴ്സിഡീസ് ബെന്‍സ്, ഫോഴ്സ് മോട്ടോര്‍സ് ഉള്‍പ്പടെയുള്ള പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ സിയാമില്‍ അംഗങ്ങളാണ്. മേഖലയിലെ നിരാശാജനകമായ വികാരവും ഡിമാന്‍ഡിലെ സമ്മര്‍ദവും കണക്കിലെടുത്ത് മൂലധന ആസ്തി, ഗവേഷണ-വികസന മേഖലകള്‍, പുതിയ ജോലികള്‍ എന്നിവയിലേക്കുള്ള നിക്ഷേപം ശക്തമാകാന്‍ സാധ്യതയില്ലെന്ന് സിയാം ഡയറക്ടര്‍ രാജേഷ് മേനോന്‍ വ്യക്തമാക്കി. നികുതി ആനുകൂല്യങ്ങളുടെയും മറ്റ് ഡിമാന്‍ഡ് വര്‍ധന നടപടികളുടെയും രൂപത്തില്‍ അടിയന്തര ആശ്വാസം സര്‍ക്കാരിനോട് സിയാം ആവശ്യപ്പെട്ടു.

Related Articles

© 2024 Financial Views. All Rights Reserved