
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 17 ശതമാനം ഉയര്‍ന്നു. വ്യവസായ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സാണ് (സിയാം) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം ഡിമാന്‍ഡില്‍ ഇടിവുണ്ടായെങ്കിലും വരാനിരിക്കുന്ന ഉത്സവ സീസണില്‍ രാജ്യത്തെ വാഹന നിര്‍മാണ മേഖലയില്‍ വീണ്ടെടുക്കലുണ്ടാകുമെന്നാണ് ഡാറ്റ വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. 2020 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 7,26,232 പാസഞ്ചര്‍ വാഹനങ്ങളുടെ (പാസഞ്ചര്‍ കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും ഉള്‍പ്പെടെ) വില്‍പ്പന നടന്നു. 2019 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ ഇത് 6,20,620 ആയിരുന്നു.
പുതിയ കൊവിഡ് അണുബാധ സംബന്ധിച്ച പ്രതിസന്ധികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, നാല് ദശകത്തിനിടെ സമ്പദ്ഘടനയില്‍ ഏറ്റവും മോശം വാര്‍ഷിക സങ്കോചം അനുഭവപ്പെടുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്, മാര്‍ച്ച് പാദത്തില്‍ മാത്രമാണ് പോസിറ്റീവ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന 16 ശതമാനം വര്‍ദ്ധിച്ചു. ഈ പാദത്തില്‍ മൊത്തം 4,26,316 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 3,67,696 ആയിരുന്നു.
വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 1,33,524 യൂണിറ്റായി. 'ചില സെഗ്മെന്റുകള്‍ വീണ്ടെടുക്കലിന്റെ അടയാളങ്ങള്‍ കാണിക്കുന്നു... നാളെ ആരംഭിക്കുന്ന ഉത്സവ സീസണില്‍ നല്ല ഡിമാന്‍ഡാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, ''ത്രൈമാസത്തെ കണക്കുകളെക്കുറിച്ച് സിയാം പ്രസിഡന്റ് കെനിചി അയുകാവ പറഞ്ഞു.