
പാസഞ്ചര്‍ വാഹനങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. വര്‍ഷാടിസ്ഥാനത്തില്‍ പത്ത് ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. സെമി കണ്ടക്ടര്‍ ദൗര്‍ലഭ്യമാണ് ഉല്‍പ്പാദനം കുറയാന്‍ കാരണമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമെബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്എഡിഎ) വ്യക്തമാക്കി. 2021 ജനുവരിയില്‍ 2,87,424 യൂണിറ്റായിരുന്നു വില്‍പ്പന. എന്നാല്‍ ഇക്കഴിഞ്ഞ മാസം അവസാനം വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 10.12 ശതമാനം ഇടിഞ്ഞ് 2,58,329 യൂണിറ്റിലെത്തി. വിപണികളില്‍ യാത്രാ വാഹനങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ് ഉണ്ടായിട്ടും സെമികണ്ടക്ടര്‍ ദൗര്‍ലഭ്യമാണു വില്ലനായിരിക്കുന്നതെന്ന് എഫ്എഡിഎ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു.
കഴിഞ്ഞ മാസം അവസാനത്തോടെ ഇരുചക്ര വാഹന വില്‍പ്പന 13.44 ശതമാനം ഇടിഞ്ഞ് 10,17,785 യൂണിറ്റായി. ഗ്രാമപ്രദേശങ്ങളില്‍ വില്‍പ്പനയിടിവിന് കാരണം വില വര്‍ധനയും ഒമിക്രോണുമാണ്. ട്രാക്ടര്‍ വില്‍പ്പന കഴിഞ്ഞ മാസം 9.86 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 55,421 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 61,485 യൂണിറ്റ് വിറ്റിരുന്നു. അതേസമയം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 20.52 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 56,227 യൂണിറ്റുകള്‍ വിറ്റുപോയ സ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയില്‍ 67,763 യൂണറ്റാണ് വിറ്റത്.
വര്‍ഷാവര്‍ഷം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ വളര്‍ച്ച തുടരുന്നുണ്ട്. വലിയ വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിലാണ് ഈ വളര്‍ച്ച കൂടുതലായി പ്രകടമാകുന്നത്. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും വളര്‍ച്ചയുണ്ട്. 29.8 ശതമാനം വര്‍ധനയാണ് നേടിയതെന്ന് ഗുലാത്തി പറഞ്ഞു. അതേസമയം എല്ലാ വിഭാഗങ്ങളിലുമായി 10.69 ശതമാനം വില്‍പ്പനയിടിവാണ് നേരിട്ടത്. ഒമിക്രോണ്‍ വ്യാപനം കുറയുന്നതോടെ റീട്ടെയില്‍ വില്‍പ്പന സാവധാനം തിരിച്ചുകയറുമെന്നു പ്രതീക്ഷയുണ്ടെന്നും ഗുലാത്തി അഭിപ്രായപ്പെട്ടു.