മെട്രോ ട്രെയിനുകളില്‍ 25 കിലോ ഭാരമുള്ള ബാഗ് ആവാമെന്ന് ഭവന-നഗരകാര്യ മന്ത്രാലയം; 2014ലെ മെട്രോ റെയില്‍വേ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അധികൃതര്‍

August 30, 2019 |
|
News

                  മെട്രോ ട്രെയിനുകളില്‍ 25 കിലോ ഭാരമുള്ള ബാഗ് ആവാമെന്ന് ഭവന-നഗരകാര്യ മന്ത്രാലയം; 2014ലെ മെട്രോ റെയില്‍വേ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അധികൃതര്‍

ഡല്‍ഹി: ഇന്ത്യയിലെ മെട്രോ ടെയിനുകളില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ 25 കിലോ ഭാരമുള്ള ബാഗ് ഒപ്പം കൊണ്ടു പോകാം. 15 കിലോഗ്രാം വരെയുള്ള ബാഗുകള്‍ക്കാണ് നേരത്തെ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ വലിയ ബണ്ടിലുകള്‍ (ഭാണ്ഡക്കെട്ടുകള്‍) ട്രെയിനില്‍ അനുവദിക്കില്ലെന്നും ഭവന-നഗരകാര്യ മന്ത്രാലയം അറിയിച്ചു. 2014ലെ മെട്രോ റെയില്‍വേ (ടിക്കറ്റ് ആന്‍ഡ് കാരിയേജ്) ചട്ടങ്ങളില്‍ അടുത്തിടെ ഭേദഗതി വരുത്തിയിരുന്നു.

ഇത് പ്രകാരം ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് 80 സെന്റീമീറ്റര്‍ താഴെ നീളവും 50 സെന്റീമീറ്റര്‍ വരെ വീതിയും 30 സെന്റീമീറ്റര്‍ പരമാവധി ഉയരവും 25 കിലോ ഭാരവുമുള്ള ഒരു ബാഗ് മെട്രോ അഡ്മിനിസ്‌ട്രേഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൊണ്ടു പോകാന്‍ സാധിക്കും. 2014 ലെ നിയമത്തില്‍ 60, 45, 25 സെന്റിമീറ്റര്‍, 15 കിലോ ഗ്രാം നിബന്ധനയാണുണ്ടായിരുന്നത്. ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈന്‍ പോലുള്ള പ്രത്യേക എയര്‍പോര്‍ട്ട് മെട്രോ ലൈനുകളില്‍ സഞ്ചരിക്കുന്നവര്‍ക്കും ബാഗേജ് നിയമം പരിഷ്‌കരിച്ചിട്ടുണ്ട്.

മെട്രോ സര്‍വീസുകളുടെ ഇടവേള രണ്ടര മിനിറ്റാക്കി ചുരുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ചെന്നൈ െമട്രോ റെയില്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) അറിയിച്ചു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണിത്.നിലവില്‍ വാഷര്‍മാന്‍പെട്ട്  എയര്‍പോര്‍ട്ട് പാതയില്‍ തിരക്കുള്ള സമയത്തു (രാവിലെ 8.00,11.00, വൈകിട്ട് 5.00, 8.00), 5 മിനിറ്റ് ഇടവിട്ടും, മറ്റു സമയങ്ങളില്‍ 7 മിനിറ്റ് ഇടവിട്ടും സര്‍വീസുകളുണ്ട്.

രണ്ടാം ഇടനാഴിയായ സെന്‍ട്രല്‍ മെട്രോ എയര്‍പോര്‍ട്ട് പാതയില്‍ തിരക്കുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവിട്ടും, മറ്റു സമയങ്ങളില്‍ 14 മിനിറ്റ് ഇടവിട്ടും സര്‍വീസുകളുണ്ട്.രണ്ടര മിനിറ്റ് ഇടവിട്ടു സര്‍വീസ് നടത്താന്‍ പാകത്തിനാണു മെട്രോ രൂപകല്‍പന ചെയ്തിരിക്കുന്നത്.  മുഴുവന്‍ ശേഷിയും ഉപയോഗിച്ചു കൂടുതല്‍ യാത്രക്കാരെ എത്തിക്കുകയാണു ലക്ഷ്യം. മെട്രോയിലെ ശരാശരി യാത്രക്കാരുടെ എണ്ണം 95,000 ആയി ഉയര്‍ന്നതായി സിഎംആര്‍എല്‍ അറിയിച്ചു.

സര്‍വീസ് ഇടവേള ചുരുക്കിയാല്‍ 2 വര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണം 4 ലക്ഷമായി ഉയരുമെന്നാണു മെട്രോ അധികൃതരുടെ അവകാശവാദം. എന്നാല്‍ സര്‍വീസ് ഇടവേള കുറയ്ക്കുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ ആവശ്യമായി വന്നേക്കും. നിലവില്‍ തിരക്കുള്ള സമയങ്ങളില്‍ 35 ട്രെയിനുകളും, മറ്റു സമയങ്ങളില്‍ 25 ട്രെയിനുകളുമാണു സര്‍വീസ് നടത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved