
യോഗ ഗുരുവും ബിസിനസുകാരനുമായ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദത്തിന് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. 'കൊറോണില്‍' എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ ഉത്പന്നത്തിന് എതിരെയാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. വ്യാപാരമുദ്ര ഉപയോഗിക്കുന്നതില്‍ നിന്ന് പതഞ്ജലിക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഉത്തരവ് കോടതി സ്ഥിരീകരിച്ചു. കൊറോണ വൈറസിന് പരിഹാരം കാണുന്നതിലൂടെ പൊതുജനങ്ങളിലെ ഭയവും പരിഭ്രാന്തിയും ഉപയോഗപ്പെടുത്തി കൂടുതല്‍ ലാഭം നേടാന്‍ ശ്രമിച്ചതിന് 10 ലക്ഷം രൂപ പിഴയും ചുമത്തി.
ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന് അനുകൂലമായി കോടതി കഴിഞ്ഞ മാസം ഒരു ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. വ്യാപാരമുദ്ര നിയമപ്രകാരം 'കൊറോണിന്‍ -92 ബി' എന്ന പേരില്‍ ഒരു ആസിഡ് ഇന്‍ഹിബിറ്റര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു കോടതിയിലെത്തിയത്. 1993 ജൂണില്‍ ഇത് രജിസ്റ്റര്‍ ചെയ്തിട്ടും, കോവിഡ് -19 മഹാമാരി പശ്ചാത്തലത്തില്‍ പതഞ്ജലി അതിന്റെ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് ഈ പേര് സ്വീകരിച്ചതായി കമ്പനി വ്യക്തമാക്കി. 2027 വരെ വ്യാപാരമുദ്രയില്‍ അരുദ്രയ്ക്ക് അവകാശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വ്യാപാര മുദ്ര സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നത് കണക്കിലെടുത്ത്, ടാബ്ലെറ്റ് വിതരണം ചെയ്തതിന് പതഞ്ജലിയെയും മേല്‍നോട്ടം വഹിച്ചതിന് ദിവ്യ മന്ദിര്‍ യോഗയ്ക്കും കോടതി പിഴ വിധിച്ചു. വ്യാപാരമുദ്രകളുടെ രജിസ്ട്രി ഉപയോഗിച്ച് നടത്താവുന്ന ലളിതമായ പരിശോധനയില്‍ 'കൊറോനില്‍' ഒരു രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രയാണെന്ന് വെളിപ്പെടുമായിരുന്നു. എന്നിട്ടും 'കൊറോനില്‍' എന്ന പേര് കമ്പനി ഉപയോഗിച്ചു. ഇത് ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നും ജസ്റ്റിസ് കാര്‍ത്തികേയന്‍ പറഞ്ഞു.
കേന്ദ്രം ഇടപെടുന്നതുവരെ കൊവിഡിനെതിരെയുള്ള മരുന്ന് എന്ന കമ്പനിയുടെ വാദത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. കൊറോണ വൈറസിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്കിടയിലെ ഭയവും പരിഭ്രാന്തിയും മുതലെടുത്ത് അവര്‍ കൂടുതല്‍ ലാഭം നേടാനാണ് ശ്രമിച്ചതെന്നും കോടതി വ്യക്തമാക്കിയ. കൊറോനില്‍ ടാബ്ലെറ്റ് യഥാര്‍ത്ഥത്തില്‍ ചുമ, ജലദോഷം, പനി എന്നിവയ്ക്കുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നാണെന്നും കോടതി പറഞ്ഞു. 10 ലക്ഷം രൂപ പിഴയില്‍ ആഗസ്റ്റ് 21നകം കമ്പനി അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 5 ലക്ഷം രൂപയും സര്‍ക്കാര്‍ യോഗ, പ്രകൃതിചികിത്സാ മെഡിക്കല്‍ കോളേജ്, ആശുപത്രിയ്ക്ക് 5 ലക്ഷം രൂപയും നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.