
ഭക്ഷ്യോല്‍പാദന കമ്പനിയായ രുചിസോയയെ പതഞ്ജലി ആയുര്‍വേദ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ക്രെഡിറ്റ് കമ്മിറ്റി യോഗം അന്തിമ ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. ഈ മാസം ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതഞ്ജലി ആയുര്‍വേദ് വക്താവ് എസ് കെ ടിജരവാല ചൊവ്വാഴ്ച ക്രെഡിറ്റേഴ്‌സ് യോഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രുചിസോയയെ ഏറ്റെടുക്കുന്നതിനായി മത്സരത്തില്‍ മുന്നില്‍ നിന്നത് പ്രമുഖ വ്യവസായ ഗ്രൂപ്പ് അദാനി വില്‍മറും യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലിയുമായിരുന്നു. അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചതിനേക്കാളും ഉയര്‍ന്ന തുക ആയിരുന്നു പതഞ്ജലി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. രുചി സോയ ഇന്‍ഡസ്ട്രീസിന് 4,350 കോടി രൂപ നല്‍കാന്‍ ബാബാ രാംദേവ് പതഞ്ജലിക്ക് നിര്‍ദ്ദേശം നല്‍കി. ബിഡില്‍ പറഞ്ഞതിനേക്കാളും 350 കോടി കൂടുതല്‍ നല്‍കാനാണ് ബാബാ രാംദേവിന്റെ നിര്‍ദേശം. അദാനി വില്‍മറിന്റെ കരാര്‍ 4,100 കോടി രൂപയുടേതായിരുന്നു. 4350 കോടിയില്‍ 115 കോടി രൂപ കമ്പനി ഇക്യുറ്റിയിലേക്ക് പോവും. ബാക്കി വരുന്ന 4235 കോടി രൂപ സാമ്പത്തിക വായ്പക്കാര്‍ക്ക് വിതരണം ചെയ്യും.
ഭക്ഷ്യ എണ്ണയുടെ ഉല്‍പ്പാദന മേഖലയില്‍ രുചി സോയയെ ഏറ്റെടുക്കുന്നതിലൂടെ പതഞ്ജലിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താനാവും. 12,000 കോടി രൂപയാണ് രുചി സോയയില്‍ നിന്നുള്ള കിട്ടാക്കടം. കഴിഞ്ഞ വര്‍ഷം രുചി സോയയെ ബാങ്കുകള്‍ പാപ്പരത്ത കോടതി കയറ്റിയിരുന്നു. സ്വിസ് ചലഞ്ച് രീതിയിലാണ് ബിഡിങ് നടപടികള്‍ ഏറ്റെടുത്തത്. ഏറ്റവും ഉയര്‍ന്ന തുക നല്‍കിയവര്‍ക്കാണ് ഏറ്റെടുക്കാന്‍ അനുവാദം നല്‍കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയാണ് രുചി സോയ. ന്യൂട്രല്ല, മഹാകോഷ്, സണ്‍റിച്ച്, രുചിസ്റ്റാര്‍, രുചി ഗോള്‍ഡ് എന്നീ ബ്രാന്റുകള്‍ രുചി സോയ കമ്പനിയുടേതാണ്.
പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് ഒരു ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയാണ്. ഹരിദ്വാറിലെ വ്യവസായ പ്രദേശത്ത് നിര്‍മ്മാണ യൂണിറ്റുകളും ഹെഡ്ക്വാര്‍ട്ടേഴ്‌സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. രജിസ്റ്റേര്‍ഡ് ഓഫീസ് ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു. മിനറല്‍, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. പതഞ്ജലിയുടെ 2019 ലെ വരുമാനം 9,030 കോടി രൂപയായിരുന്നു.