
ഫ്ളാറ്റ് ഡെലിവറിയില്‍ വരുന്ന കാലതാമസത്തിന് ഉപഭോക്താക്കള്‍ക്ക് കെട്ടിട നിര്‍മ്മാതാവില്‍ നിന്നു വാര്‍ഷിക പലിശ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ബെംഗളൂരുവിലെ ഡിഎല്‍എഫ് സതേണ്‍ ഹോംസ് പ്രൈവറ്റ് ലിമിറ്റഡും അനബെല്‍ ബില്‍ഡേഴ്സും ചേര്‍ന്ന് ബേഗുവില്‍ നിര്‍മ്മിച്ച 1980 ഫ്ളാറ്റുകളുടെ ഉടമകള്‍ക്കാണ് 2 വര്‍ഷം മുതല്‍ 4 വര്‍ഷം വരെ ഉണ്ടായ കാലതാമസത്തിന് വിലയിന്മേല്‍ 6 ശതമാനം വാര്‍ഷിക പലിശ നല്‍കാന്‍ കോടതി ഉത്തരവായത്.
ഡെലിവറി കാലതാമസത്തിന് നിശ്ചിത കരാര്‍ അനുസരിച്ച് പ്രതിമാസം ഒരു ചതുരശ്രയടിക്ക് 5 രൂപ നിരക്കില്‍ ഡെവലപ്പര്‍ നഷ്ട പരിഹാരം നല്‍കിയെന്ന കാരണത്താല്‍ തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ ഫ്ളാറ്റ് ഉടമകളുടെ പരാതി തള്ളിയ നടപടി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് റദ്ദാക്കി. 1,500 ചതുരശ്രയടി ഫ്ളാറ്റിന് പ്രതിമാസം 7,500 രൂപ പ്രകാരം നല്‍കിയ ഈ നഷ്ട പരിഹാരത്തുകയുടെ വ്യവസ്ഥ ഡെവലപ്പറുടെ താല്‍പ്പര്യാര്‍ത്ഥമുള്ളതാണെന്നും ഉപഭോക്താവിന് നീതിയുക്തമായ തുകയാണ് ലഭിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഈ തുകയ്ക്കു പുറമേയാണ് വിലയുടെ 6 ശതമാനം സാധാരണ വാര്‍ഷിക പലിശ കൂടി നല്‍കേണ്ടത്.