പ്ലാസ്റ്റിക് നല്‍കിയാല്‍ ഭക്ഷണം ഫ്രീ; ഈ കഫേ കുറച്ച് വ്യത്യസ്തമാണ്

November 08, 2019 |
|
News

                  പ്ലാസ്റ്റിക് നല്‍കിയാല്‍ ഭക്ഷണം ഫ്രീ; ഈ കഫേ കുറച്ച് വ്യത്യസ്തമാണ്

പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. പ്രതിവര്‍ഷം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് രാജ്യത്ത് ബാക്കിയാകുന്നത്. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് പല ആശയങ്ങളും നിര്‍ദേശിക്കപ്പെടാറുണ്ടെങ്കിലും അവ പലപ്പോഴും പ്രാവര്‍ത്തികമാകാറില്ല. ഇപ്പോഴിതാ ഛത്തീസ്ഗഡില്‍ നിന്നും കൗതുകകരമായ വാര്‍ത്ത എത്തിയിരിക്കുകയാണ്. പ്ലാസ്റ്റിക് നല്കിയാല്‍ ഭക്ഷണം നല്കുന്ന കഫെ. ഛത്തീസ്ഗഡിലെ അംബികാപുര്‍ എന്ന നഗരത്തിലാണ് ഈ കൗതുകകരമായ ഗാര്‍ബജ്കഫേയുള്ളത്. 

അംബികാപൂര്‍ നഗരസഭയ്ക്ക് കീഴില്‍ ആകെ ജനസംഖ്യ രണ്ട് ലക്ഷത്തോളമാണ്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ ദാരിദ്ര്യം പിടിമുറുക്കിയിട്ടുള്ള ഒരു ജനതകൂടിയാണിവിടെ. എന്നാല്‍ നാടിന്റെ വെടിപ്പുംവൃത്തിയും ശ്രദ്ധിക്കുന്നതില്‍ ഇവര്‍ ഏറെ മുമ്പിലാണ്. കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ പുതിയൊരു പദ്ധതിയാണ് ഇവര്‍ പരീക്ഷിക്കുന്നത്. സാമൂഹ്യപ്രസക്തിയുള്ള ഒരു പദ്ധതി. നഗരസഭയുടെ പരിധിയില്‍ ലക്ഷക്കിന് ഭവനരഹിതരാണുളളത്. അവര്‍ക്ക് ഒരുനേരത്തെ ഭക്ഷണമെങ്കിലും നല്കുക എന്ന ലക്ഷ്യവുമുണ്ട് നഗരസഭയ്ക്ക്.

പ്ലാസ്റ്റിക്കുമായി എത്തുന്ന ഭവനരഹിതര്‍ക്കും മാലിന്യം ശേഖരിച്ച് വിറ്റ് ജീവിക്കുന്നവര്‍ക്കുമാണ് നഗരസഭ ഭക്ഷണം നല്കുക. ഒരു കിലോ ഗ്രാം പ്ലാസ്റ്റിക് നല്കുന്നവര്‍ക്ക് ഒരു ദിവസത്തേക്കുളള ഭക്ഷണവും അര കിലോ പ്ലാസ്റ്റിക് നല്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണവുമാകും നഗരസഭയുടെ ഗാര്‍ബേജ് കഫെ നല്കുക. പദ്ധതിയുടെ നടത്തിപ്പിനായി 5.5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ലഭിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിര്‍മിക്കാനാണ് നീക്കം. വെളളം കെട്ടിനില്ക്കാത്തതും ഏറെ ഈടുനില്ക്കുന്നതുമായ റോഡുണ്ടാക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് സാധിക്കുമെന്നാണ് നഗരസഭയുടെ വാദം.

കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് സര്‍വേക്ഷാന്‍ 219 പ്രകാരം, രാജ്യത്തെ വൃത്തിയുളള രണ്ടാമത്തെ നഗരമാണ് അംബികാപുര്‍. ഭക്ഷണ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിച്ച് കൃത്യമായി ശേഖരിച്ച് റോഡുകളില്‍ നിന്നും ഇതിനോടകം തന്നെ മാലിന്യത്തെ തുടച്ച് നീക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. ഭവനരഹിതരായ നൂറോളം ആളുകള്‍ക്ക് വീട് വെച്ച് നല്കാനും നഗരസഭ പദ്ധതി തയ്യാറാക്കുന്നുണ്ട്. മാലിന്യം വിറ്റ് പണം ലഭ്യമാക്കുകയെന്നതിലുപരി അവരുടെ വയര്‍ നിറയുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടിയാണ് മേയര്‍ അജയ് ടിര്‍കി പറയുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved