
ന്യൂഡല്‍ഹി: പ്രമുഖ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഭാവേഷ് ഗുപ്തയെ നിയമിച്ചു. കഴിഞ്ഞ ആഴ്ച കമ്പനിയുടെ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ പേടിഎം മണിയുടെ പുതിയ സിഇഒ ആയി വരുണ്‍ ശ്രീധറിനെയും കമ്പനി നിയമിച്ചിരുന്നു.
കമ്പനിയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനും പേടിഎമ്മിന്റെ വായ്പ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഭാവേഷ് ഗുപ്തയുടെ നിയമനം ഉപകാരപ്പെടുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പേടിഎം, മറ്റ് ബാങ്കുകളുടേയും ബാങ്കിംഗ് ഇതരം ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുമായി നവീന പദ്ധതികള്‍ കൊണ്ടുവരുമെന്നും, ഇത്തരം സംരഭങ്ങളുടെ ലളിതവല്‍ക്കരണം നവീകരണം തുടങ്ങിയവയ്ക്കാമായി ഊന്നല്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.
നേരത്തെ ജിഇ ക്യാപിറ്റല്‍ ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ക്ലിക്‌സ് ക്യാപിറ്റലിന്റെ സ്ഥാപക അംഗമായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും ഭാവേഷ് ഗുപ്ത പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുമുമ്പ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ സ്ഥാപക അംഗവും എസ് എം ഇ, ബിസിനസ് ബാങ്കിംഗ് മേധാവിയുമായിരുന്നു അദ്ദേഹം. ഒരു ദശകത്തിലേറെ ഐസിഐസിഐ റീട്ടെയില്‍ ബാങ്കിങ് വിഭാഗത്തിലും ഭാവേഷ് ഗുപ്ത പ്രവര്‍ത്തിച്ചിട്ടുണ്ട്. പേടിഎമ്മിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായതോടെ ഗുപ്ത ഇനി പേടിഎം പ്രസിഡന്റ് അമിത് നയ്യാര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും.
മ്യൂച്വല്‍ ഫണ്ടുകള്‍, എന്‍പിഎസ്, ഗോള്‍ഡ് സേവനങ്ങള്‍ എന്നിവയ്ക്കു പുറമെ ഇക്വിറ്റി ബ്രോക്കറേജിന്റെ സമാരംഭത്തിനും വികസനത്തിനുമായിരിക്കും വരുണ്‍ ശ്രീധര്‍ നേതൃത്വം നല്‍കുക. ഇന്ത്യയിലെയും വിദേശത്തെയും ചില മുന്‍നിര റീട്ടെയില്‍ ബാങ്കുകളുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയ്ക്ക് വരുണ്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഫിന്‍ഷെല്‍ ഇന്ത്യയുടെ സിഇഒ ആയും വരുണ്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഎന്‍പി പാരിബയ്ക്കൊപ്പവും വരുണ്‍ ശ്രീധര്‍ എട്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.