പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി; ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിളിന്റെ താക്കീത്

September 19, 2020 |
|
News

                  പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി; ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിളിന്റെ താക്കീത്

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. വാതുവെയ്പ്പുകളും (ബെറ്റിങ്) ചൂതാട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിനെ ആന്‍ട്രോയ്ഡ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പുറത്താക്കിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് ആപ്പായ പേടിഎം പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ഇതേസമയം, കമ്പനിയുടെ ഡിജിറ്റല്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ 'ഫസ്റ്റ് ഗെയിംസിന്റെ' വിലക്ക് ഇപ്പോഴും നീങ്ങിയിട്ടില്ല.

പ്ലേ സ്റ്റോറില്‍ പേടിഎം ആപ്പ് തിരിച്ചെത്തിയ കാര്യം കമ്പനിയുടെ സഹസ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ട്വിറ്ററില്‍ അറിയിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യാഷ്ബാക്ക് പദ്ധതിക്ക് പേടിഎം തുടക്കമിട്ടത്. ഇക്കാരണത്താലാണ് ഗൂഗിള്‍ പേടിഎമ്മിനെ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കിയതെന്ന് വിജയ് ശര്‍മ ട്വിറ്ററില്‍ വ്യക്തമാക്കി. ക്യാഷ്ബാക്ക് നല്‍കുന്നത് ചൂതാട്ടമാണോയെന്നും സംഭവത്തില്‍ ഇദ്ദേഹം ചോദിക്കുന്നുണ്ട്.

നേരത്തെ, ഒരുതരത്തിലുമുള്ള ഓണ്‍ലൈന്‍ കസീനോ ചൂതാട്ടങ്ങളോ ചട്ടം ലംഘിച്ചുകൊണ്ടുള്ള സ്പോര്‍ട്സ് വാതുവെയ്പ്പുകളോ അനുവദിക്കില്ലെന്ന് ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ആപ്പില്‍ വരുന്ന ഉപയോക്താവിനെ പണമടച്ച് പണം ജയിക്കാന്‍ അവസരമൊരുക്കുന്ന ചൂതാട്ട/വാതുവെയ്പ്പ് വെബ്സൈറ്റുകളിലേക്ക് നയിക്കുന്നത് ചട്ടലംഘനമാണെന്ന് ഗൂഗിള്‍ പറയുന്നു. ഇതേസമയം, പേടിഎമ്മോ പേടിഎം ഫസ്റ്റ് ഗെയിമോ ഈ ലംഘനം നടത്തിയെന്ന് ഗൂഗിള്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. എന്തായാലും ഐപിഎല്‍ സീസണിന് മുന്നോടിയായി ചൂതാട്ട ആപ്പുകള്‍ക്ക് ഗൂഗിള്‍ നല്‍കുന്ന മുന്നറിയിപ്പാണിത്. നിലവില്‍ ഫാന്റസി ഗെയിമിങ് കമ്പനിയായ ഡ്രീം ഇലവനാണ് ഐപിഎല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. ഗൂഗിളിന്റെ നീക്കം ഡ്രീം ഇലവന്റെ ബിസിനസിനെ ബാധിക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

ഫസ്റ്റ് ഗെയിംസ് മുഖേന പേടിഎമ്മും ഇന്ത്യയില്‍ ഫാന്റസി ഗെയിമിങ്ങില്‍ കൈകടത്തിയിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ഗെയിമിന് പ്ലേ സ്റ്റോറില്‍ കിട്ടിയിരിക്കുന്ന വിലക്ക് കമ്പനിയുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിക്കുന്നു. ഐപിഎല്‍ കാലത്ത് വലിയ ശതമാനം ഡൗണ്‍ലോഡുകള്‍ ആലിബാബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പേടിഎം പ്രതീക്ഷിച്ചിരുന്നു. നിലവില്‍ 8 കോടി സജീവ ഉപയോക്താക്കളുണ്ട് പേടിഎം ഫസ്റ്റ് ഗെയിമിന്.

ഈ വാരമാദ്യമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പേടിഎം തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. നടപ്പുവര്‍ഷം പ്രമോഷനും ഫാന്റസി സ്പോര്‍ട്സിലുമായി 300 കോടി രൂപയുടെ നിക്ഷേപം പേടിഎം നടത്തിയെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. നിലവില്‍ ഡ്രീം ഇലവന്‍, മൈടീം ഇലവന്‍, മൈ ഇലവന്‍ സര്‍ക്കിള്‍ തുടങ്ങിയ ഫാന്റസി ക്രിക്കറ്റ് ആപ്പുകളും ഇന്ത്യയില്‍ സജീവമാണ്.

Related Articles

© 2025 Financial Views. All Rights Reserved