
ഇന്ത്യയില്‍ നടന്ന എക്കാലത്തെയും വലിയ ഐപിഒ ഇഷ്യു തുക കൊണ്ട് തന്നെ പേടിഎം ഐപിഒ നേരത്തെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇഷ്യു ആരംഭിച്ചതു മുതല്‍ തണുപ്പന്‍ പ്രതികരണമാണ് വിപണിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇഷ്യുവിന്റെ റീറ്റെയ്ല്‍ വിഭാഗം 1.37 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തെങ്കിലും നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ റിസര്‍വ് ചെയ്ത ഓഹരികള്‍ 5 ശതമാനവും ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന വിഭാഗത്തിന്റെ 54 ശതമാനം ഓഹരികള്‍ക്കുമാണ് ബിഡ്ഡുകള്‍ എത്തിയത്.
നവംബര്‍ 10 രാവിലെ വരെ ഇഷ്യു ആകെ 55 ശതമാനമേ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുള്ളു. 4.83 കോടി ഓഹരികളില്‍ 2.65 മാത്രമാണ് ഇതുവരെ ബിഡ് ചെയ്യപ്പെട്ടത്. 18,300 കോടിയുടെ ഐപിഓയില്‍ 8300 കോടിയുടെ പുതിയ ഓഹരികളും 10000 കോടിയുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നു.
ഓഹരിയൊന്നിന് 2,080 മുതല്‍ 2,150 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 12,900 രൂപയോ പരമാവധി 15 ലോട്ടുകള്‍ക്ക് 1,93,500 രൂപയോ ആണ് റീറ്റെയ്ല്‍ നിക്ഷേപകര്‍ മുടക്കിയിരിക്കേണ്ടത്. ഓഫറിന്റെ 75 ശതമാനം വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്കുമാണ് മാറ്റിവച്ചിരുന്നത്. ഇന്ന് വൈകിട്ട് ഐപിഒ അവസാനിക്കും.