
മുംബൈ: ഇന്ത്യന്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 2.3 ബില്യണ്‍ ഡോളര്‍ (17,000 കോടി രൂപ) ധനസമാഹരണം ലക്ഷ്യമിട്ട് ആഭ്യന്തര പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് (ഐപിഒ) കടക്കുന്നു. ജൂലൈ 12 ന് ഇത് സംബന്ധിച്ച ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് കമ്പനി ഫയല്‍ ചെയ്യുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ ഓഹരി വില്‍ക്കുന്നതിലൂടെയും ഷെയറുകളുടെ ദ്വിതീയ ഓഫറിലൂടെയും കമ്പനി പണം സമാഹരിക്കും. ദില്ലിയില്‍ നടക്കുന്ന പേടിഎമ്മിന്റെ എക്‌സട്രാ ഓര്‍ഡിനറി ജനറല്‍ ബോഡിക്ക് (ഇജിഎം) ശേഷം പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വാര്‍ത്തകളോട് പേടിഎം ഇതുവരെ ഔദ്യോ?ഗികമായി പ്രതികരിച്ചിട്ടില്ല.
ചൈനയുടെ അലിബാബയുടെയും ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെയും പിന്തുണയുളള കമ്പനി, 12,000 കോടി രൂപയുടെ (1.61 ബില്യണ്‍ ഡോളര്‍) വരെ പുതിയ സ്റ്റോക്ക് വില്‍ക്കാന്‍ ഇജിഎമ്മില്‍ ഓഹരി ഉടമകളുടെ അനുമതി തേടും, കൂടാതെ ഒരു ശതമാനം വരെ അധിക സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനും ഓപ്ഷന്‍ മുന്നോട്ട് വയ്ക്കുന്ന രീതിയിലാകും ഓഹരി വില്‍പ്പന. ജെപി മോര്‍ഗന്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ആക്‌സിസ് ക്യാപിറ്റല്‍, സിറ്റി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരെ ഐപിഒ നടപടികള്‍ക്കായി കമ്പനി സമീപിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.