
ന്യൂഡല്‍ഹി: ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ വായ്പ നല്‍കാനൊരുങ്ങി ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം മണി. 2017 സെപ്റ്റംബറില്‍ നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോം പേടിഎം ആരംഭിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 5,000 കോടി രൂപയുടെ നിക്ഷേപം പ്ലാറ്റ്‌ഫോം വഴി ലഭിച്ചെന്നും കമ്പനി വ്യക്തമാക്കി.സെപ്റ്റംബറില്‍ കമ്പനി ഉപഭോക്താക്കള്‍ക്കായി നേരിട്ടുള്ള സ്റ്റോക്ക് ട്രേഡിംഗും അവതരിപ്പിച്ചിരുന്നു.
നിക്ഷേപകര്‍ തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് വിഹിതത്തില്‍ ചിലത് സ്റ്റോക്ക് ട്രേഡിംഗിലേക്ക് മാറ്റുന്ന പ്രവണത കണ്ടതായി പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞതായി ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷം ശരാശരി എസ്ഐപി തുകയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും കൂടുതല്‍ പരിചയസമ്പന്നരായ നിക്ഷേപകരില്‍ നിന്ന്.
നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ എന്ന നിലയില്‍, ഉപഭോക്താക്കളുടെ ഹ്രസ്വകാല പണലഭ്യത ആവശ്യങ്ങള്‍ അല്ലെങ്കില്‍ മുന്‍കൂട്ടി പ്രതീക്ഷിക്കാത്ത ചെലവുകള്‍ കൈകാര്യം ചെയ്യുകയെന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍, ഓഹരികള്‍ എന്നിവയില്‍ വായ്പ നല്‍കാനുള്ള പദ്ധതിക്ക് പേടിഎം ഒരുങ്ങുന്നത്.
പേടിഎം മണിയുടെ എതിരാളികളായ കുവേര ജൂണില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ വായ്പ നല്‍കാന്‍ ആരംഭിച്ചിരുന്നു, കുവേരയുടെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, 10.5% പലിശനിരക്കിലാണ് വായ്പകള്‍ നല്‍കുന്നത്. ഈ തരത്തിലുള്ള വായ്പകള്‍ക്ക് 1,999 ഫീസും ഈടാക്കുന്നുണ്ട്.