
ഹുരൂണ്‍ ഇന്ത്യ യൂണികോണ്‍ ഇന്‍ഡെക്സ് 2020 ല്‍ രാജ്യത്തെ ടോപ് 10 യൂണികോണുകളുടെ പട്ടികയില്‍ പേടിഎം മുന്നില്‍. അവയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ ഒയോറൂംസും, ബൈജൂസ് ആപ്പുമടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളെല്ലാമുണ്ട്. രാജ്യത്തെ ആകെ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യത്തിന്റെ 78 ശതമാനവും ഈ പത്ത് യൂണികോണ്‍ സ്ഥാപനങ്ങളുടേതാണ്. 16 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന പേടിഎമ്മിന്റെ മാത്രം മൂല്യം ആകെയുള്ളതിന്റെ 22 ശതമാനത്തോളം വരും.
ഇതാ ആ പത്ത് യൂണികോണ്‍ കമ്പനികള്‍
1. പേടിഎം (16 ബില്യണ്‍ ഡോളര്‍)
2010 ല്‍ വിജയ് ശേഖര്‍ ശര്‍മ സ്ഥാപിച്ച പേടിഎമ്മാണ് പട്ടികയില്‍ മുന്നില്‍. നോയ്ഡ് ആസ്ഥാനമായുള്ള ഈ ഡിജിറ്റല്‍ പേമെന്റ്സ് സ്ഥാപനം ഹുരൂണ്‍ ഗ്ലോബല്‍ യൂണികോണ്‍ പട്ടികയില്‍ 13 ാം സ്ഥാനത്തും എത്തിയിട്ടുണ്ട്. നവംബര്‍ 2019 ല്‍ നൂറു കോടി ഡോളര്‍ നിക്ഷേപം സ്വീകരിച്ച പേടിഎമ്മാണ് ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക ഫണ്ടായി ലഭിച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്.
2. ഒയോ റൂംസ് (8 ബില്യണ്‍ ഡോളര്‍)
ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്ഫോമായ ഒയോറൂംസിന്റെ ഇപ്പോഴത്തെ മൂല്യം 8 ബില്യണ്‍ ഡോളറാണ്. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്ഥാപകന്‍ റിതേഷ് അഗര്‍വാളാണ്. കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു ബില്യണ്‍ ഡോളറാണ് അദ്ദേഹം സ്ഥാപനത്തില്‍ നിക്ഷേപിച്ചത്.
3. ബൈജൂസ് (8 ബില്യണ്‍ ഡോളര്‍)
മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബൈജൂസ് ആപ്പിന്റെ മൂല്യം എട്ടു ബില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2011 ലാണ് ലേണിംഗ് പ്ലാറ്റ്ഫോം എന്ന നിലയില്‍ ബൈജൂസ് നിലവില്‍ വരുന്നത്. ബാംഗ്ലൂരാണ് ആസ്ഥാനം. അടുത്തിടെ 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ച് ശ്രദ്ധനേടിയിരുന്നു.
4. ഒല കാബ്സ് (6 ബില്യണ്‍ ഡോളര്‍)
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള റൈഡ് ഷെയറിംഗ് ആപ്പ് ഒല കാബ്സിന്റെ മൂല്യം ആറ് ബില്യണ്‍ ഡോളറാണ്. സോഫ്റ്റ്ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍, ടെന്‍സെന്റ്, മാട്രിക്സ് പാര്‍ട്ണേഴ്സ്, ഡിഎസ്ടി ഗ്ലോബല്‍ തുടങ്ങിയവയാണ് ഈ സ്റ്റാര്‍ട്ടപ്പിലെ പ്രധാന നിക്ഷേപകര്‍.
5. സ്വിഗ്ഗി (3.5 ബില്യണ്‍ ഡോളര്‍)
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയുടെ ഇപ്പോഴത്തെ മൂല്യം 3.5 ബില്യണ്‍ ഡോളര്‍. 2014 ലാണ് ബാംഗള്ൂര്‍ ആസ്ഥാനമായി സ്വിഗ്ഗി തുടങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ 43 മില്യണ്‍ ഡോളര്‍ ഫണ്ട് നേടിയിരുന്നു.
6. സൊമാറ്റോ (3.5 ബില്യണ്‍ ഡോളര്‍)
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയും 3.5 ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ചിട്ടുണ്ട്. 2008 ല്‍ ദീപീന്ദര്‍ ഗോയലും പങ്കജ് ഛദ്ദയും ചേര്‍ന്ന് ഗുഡ്ഗാവ് ആസ്ഥാനമായി സ്ഥാപിച്ചു. ജനുവരിയില്‍ ആന്റ് ഫിനാന്‍ഷ്യല്‍ 150 മില്യണ്‍ ഡോളര്‍ ഫണ്ട് സൊമാറ്റോയില്‍ നിക്ഷേപിച്ചിരുന്നു.
7. പേടിഎം മാള്‍ (3 ബില്യണ്‍ ഡോളര്‍)
പേടിഎമ്മിന്റെ കീഴിലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആണിത്. 2016 മുതല്‍ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ ഇ കൊമേഴ്സ് കമ്പനിയായ ഇ ബേയില്‍ നിന്ന് 150 മില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ച് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
8. റിന്യൂ പവര്‍ (3 ബില്യണ്‍ ഡോളര്‍)
റിന്യൂവബ്ള്‍ എനര്‍ജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് റിന്യു പവര്‍. 2011 ല്‍ തുടക്കം കുറിച്ച സ്ഥാപനം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്ക ആസ്ഥാനമായുള്ള ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനില്‍ നിന്ന് 250 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയിരുന്നു.
9. സിരോധ (3 ബില്യണ്‍ ഡോളര്‍)
ഫിന്‍ടെക് കമ്പനിയായ സിരോധയുടെ നിലവിലെ മൂല്യം മൂന്ന് ബില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.
10. ബിഗ് ബാസ്‌കറ്റ് (2.5 ബില്യണ്‍ ഡോളര്‍)
രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറുകളിലൊന്നാണ് ബിഗ്ബാസ്‌കറ്റ്. 2011 ല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി തുടക്കമിട്ട കമ്പനിയുടെ മൂല്യം 2.5 ബില്യണ്‍ ഡോളറെന്നാണ് കണക്കാക്കിയിരിക്കുന്നത്. അലിബാബ, സിഡിസി ഗ്രൂപ്പ് എന്നിവയില്‍ നിന്നായി 51.78 മില്യണ്‍ ഡോളര്‍ അടുത്തിടെ നിക്ഷേപമായി നേടാനും ബിഗ് ബാസ്‌ക്കറ്റിനായി.
2.5 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന, ബിടുബി പ്ലാറ്റ്ഫോമായ ഉഡാനും പട്ടികയിലുണ്ട്. ഫ്ളിപ്കാര്‍ട്ടിലെ മുന്‍ ജീവനക്കാരായ അമോദ് മാളവ്യ, വൈഭവ് ഗുപ്ത, സുജീത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് 2016 ല്‍ രൂപം കൊടുത്തതാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസായ ഉഡാന്‍. ബാംഗളൂര്‍ ആസ്ഥാനമായുള്ള ഈ സ്റ്റാര്‍ട്ടപ്പിന് 900 മില്യണ്‍ ഡോളര്‍ ഫണ്ട് ആകര്‍ഷിക്കാനും കഴിഞ്ഞിട്ടുണ്ട്.