
2021 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 64 ശതമാനം വര്‍ധിച്ചതായി ഫിന്‍ടെക് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃകമ്പനി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് അറിയിച്ചു. സാമ്പത്തിക സേവനങ്ങളിലും മറ്റ് വരുമാനത്തിലും ശക്തമായ വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. യുപിഐ ഇതര പേയ്‌മെന്റില്‍ 52 ശതമാനം വളര്‍ച്ച കൈവരിച്ചു.
ഈ മാസം ലിസ്റ്റുചെയ്തതിന് ശേഷം ആദ്യമായി 474 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 437 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, നഷ്ടം വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ള 1,170 കോടിയില്‍ നിന്ന് ചെലവ് ഏകദേശം 1600 കോടിയായി ഉയര്‍ന്നു.
പേയ്മെന്റ്, സാമ്പത്തിക സേവനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം 69 ശതമാനം വര്‍ധിച്ച് 842.6 കോടി രൂപയായപ്പോള്‍ കൊമേഴ്സ്, ക്ലൗഡ് സേവന വരുമാനം 47 ശതമാനം വര്‍ധിച്ച് 243.8 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം 107 ശതമാനം വര്‍ധിച്ച് 1,95,600 കോടി രൂപയായി. 2021 ഒക്ടോബറില്‍ 131 ശതമാനം വര്‍ധനയോടെ 83,200 കോടി രൂപയായിരുന്നു.