
ന്യൂഡല്‍ഹി: നഷ്ടത്തില്‍ നിന്ന് കരകയറാനാകാതെ പേടിഎം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാംപാദഫലത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം 761.4 കോടി രൂപയയിലേക്കെത്തി. നഷ്ടങ്ങള്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നുണ്ടെങ്കിലും മറ്റിനങ്ങളിലെ ചെലവുകള്‍ വര്‍ധിച്ചതാണ് തിരിച്ചടിയായത്. പേയ്മെന്റ് പ്രോസസ്സിംഗ് ചാര്‍ജിലെ വര്‍ധനയും, ജീവനക്കാരുടെ ആനുകൂല്യ ചെലവുകളുമാണ് കമ്പനിയെ കുടുതല്‍ നഷ്ടത്തിലേക്ക് നയിച്ചത്.
അതേസമയം, വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഈ പാദത്തില്‍ ഏകദേശം 89 ശതമാനം ഉയര്‍ന്ന് 1,540.9 കോടി രൂപയായിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 815.3 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 441.8 കോടി രൂപയായിരുന്നു. 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അതിന്റെ കണ്‍സോളിഡേറ്റഡ് നഷ്ടം 778.4 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ എബിറ്റ്ഡ നഷ്ടം മുന്‍വര്‍ഷത്തെ 1,655 കോടി രൂപയില്‍ നിന്ന് എട്ട് ശതമാനം വര്‍ധിച്ച് 1,518 കോടി രൂപയായി. കൂടാതെ, കമ്പനിക്ക് 809 കോടി രൂപ നോണ്‍-ക്യാഷ് ഇഎസ്ഒപി ചെലവുകള്‍ ഉണ്ടായിരുന്നു.
ജീവനക്കാരുടെ ചെലവ് 2021 മാര്‍ച്ച് പാദത്തില്‍ 347.8 കോടിയായിരുന്നത് ഇരട്ടിയായി 863.4 കോടി രൂപയില്‍ എത്തി. മാര്‍ക്കറ്റിംഗ് ചെലവ് 100.1 കോടി രൂപയില്‍ നിന്ന് 248.9 കോടി രൂപയായി. വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ നഷ്ടം 2020-21 ലെ 1,701 കോടി രൂപയില്‍ നിന്ന് 2022 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ 2,396.4 കോടി രൂപയായി വര്‍ധിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 2021-22 ല്‍ 77.49 ശതമാനം ഉയര്‍ന്ന് 4,974.2 കോടി രൂപയായി. തൊട്ട് മുന്‍വര്‍ഷം ഇത് 2,802.4 കോടി രൂപയായിരുന്നു.