
മുംബൈ: പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 13 ശതമാനം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരമായ 677 രൂപയിലെത്തി. ഇതോടെ ഇഷ്യു വിലയായ 2,150 രൂപയില്‍ നിന്ന് 69 ശതമാനമാണ് തകര്‍ച്ച നേരിട്ടത്. 2021 നവംബര്‍ 18നാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.
മേല്‍നോട്ടത്തിലുള്ള ആശങ്കകളാണ് ആര്‍ബിഐ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സമഗ്രമായ ഐടി ഓഡിറ്റിങ് നടത്തണമെന്നും പേടിഎമ്മിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള ഉപഭോക്താക്കളെ ആര്‍ബിഐയുടെ ഉത്തരവ് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. പേടിഎം യുപിഐ, വാലറ്റ്, ഫാസ്ടാഗ് അക്കൗണ്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാവും.
പേടിഎം പേയ്മെന്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ള ഡെബിറ്റ്, ക്രെഡിറ്റ്, പേടിഎം പോസ്റ്റ്പേയ്ഡ് സേവനങ്ങളും തുടര്‍ന്നും ഉപയോഗിക്കാം. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം പാലിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി പേടിഎം പേയ്മെന്റ്സ് ബാങ്ക് അറിയിച്ചിരുന്നു. കമ്പനി ആരംഭിച്ചത് മുതല്‍ മൂന്നാം തവണയാണ് വിജയ് ശേഖര്‍ ശര്‍മ്മ പ്രമോട്ട് ചെയ്യുന്ന പേടിഎം പേയ്മെന്റ്സ് ബാങ്ക് (പിപിബിഎല്‍) ബാങ്കിംഗ് റെഗുലേറ്ററില്‍ നിന്ന് നടപടി നേരിടുന്നത്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിന് മുന്‍പ് രണ്ടു തവണ നിരോധനം ഉണ്ടായിട്ടുണ്ട്.
2016 ഓഗസ്റ്റില്‍ രൂപീകരിച്ച പേടിഎം പേയ്മെന്റ്സ് ബാങ്ക്, 2017 മെയ് മാസത്തില്‍ നോയിഡയിലെ ഒരു ശാഖയില്‍ നിന്ന് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം, പിപിബിഎല്‍ ന് ഏകദേശം 6.4 കോടി ഉപഭോക്താക്കളുണ്ട്. പേടിഎം പേയ്‌മെന്റ്സ് ബാങ്കില്‍ 51 ശതമാനം ഓഹരി വിജയ് ശേഖര്‍ ശര്‍മ്മയ്ക്കുണ്ട്. ബാക്കി 49 ശതമാനം പേടിഎമ്മിന്റെ പേരിലാണ്.