
പ്രമുഖ ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയായ പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി പേടിഎമ്മും സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയും ചേര്‍ന്ന് മുംബൈ ആസ്ഥാനമായ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രഹേജ ക്യുബിഇയെ ഏറ്റെടുക്കും. നിലവില്‍ രഹേജ ക്യുബിഇയില്‍ പ്രിസം ജോണ്‍സണ്‍ കമ്പനിക്ക് 51 ശതമാനവും ക്യുബിഇ ഓസ്ട്രേലിയയ്ക്ക് 49 ശതമാനം ഓഹരിയുമാണ് ഉള്ളത്.
568 കോടി രൂപയുടെ ഏറ്റെടുക്കല്‍ ഇടപാടാണ് പേടിഎമ്മുമായി നടക്കുക. നേരത്തേ പ്രിസം ജോണ്‍സണ്‍ ഡയറക്റ്റര്‍ ബോര്‍ഡ് തങ്ങളുടെ കൈവശമുള്ള 51 ശതമാനം ഓഹരി 289.68 കോടി രൂപയ്ക്ക് വിറ്റഴിക്കാന്‍ തീരുമാനിച്ചിരുന്നു. വിജയ് ശേഖര്‍ ശര്‍മ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്ന ക്യു ഓര്‍ ക്യുഐ എന്ന ടെക്നോളജി കമ്പനിയും പേടിഎമ്മും സംയുക്തമായാണ് രഹേജ ക്യുബിഇയെ ഏറ്റെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐആര്‍ഡിഎഐ അടക്കമുള്ളവയുടെ അംഗീകാരം ലഭിച്ചതിനു ശേഷം മാത്രമേ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയുള്ളൂ.
രഹേജ ക്യുബിഇയെ ഏറ്റെടുക്കുമ്പോള്‍ അതിലെ ജീവനക്കാരെ നിലനിര്‍ത്തുമെന്ന് പേടിഎം അറിയിച്ചിട്ടുണ്ട്. ഐആര്‍ഡിഎഐ കണക്കുകള്‍ പ്രകാരം രഹേജ ക്യുബിഇ 2019-20 സാമ്പത്തിക വര്‍ഷം 158.12 കോടി രൂപ പ്രീമിയത്തിലൂടെ നേടിയിരുന്നു. തൊട്ടു മുമ്പത്തെ സാമ്പത്തിക വര്‍ഷം ഇത് 115.98 കോടി രൂപയായിരുന്നു. 36.34 ശതമാനം വളര്‍ച്ച. കമ്പനിയുടെ വിപണി പങ്കാളിത്തം 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് 0.08 ശതമാനമാണ്. മാര്‍ച്ച് 2020 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 62.1 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 20.3 കോടി രൂപയായിരുന്നു.