
മുംബൈ: ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള സ്വകാര്യ ഇക്വിറ്റി (പിഇ) നിക്ഷേപം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 19 ശതമാനം ഉയര്‍ന്ന് 6.27 ബില്യണ്‍ ഡോളറിലെത്തിയെന്ന് അനറോക്ക് റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍റ്റി മേഖലയിലേക്കുള്ള പിഇ നിക്ഷേപം 5.8 ബില്യണ്‍ ഡോളറായിരുന്നു. 2015-16ന് ശേഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍റ്റി മേഖലയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പിഇ നിക്ഷേപമാണ് 2020-21ല്‍ ഉണ്ടായിരിക്കുന്നതെന്നും അനറോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതെങ്കിലും പ്രോജക്റ്റുകളിലോ നഗരങ്ങളിലോ ആയി നിക്ഷേപം നടത്തുന്ന മുന്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായി, സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നിലധികം നഗരങ്ങളും ആസ്തികളും ഉള്‍പ്പെടുന്ന പോര്‍ട്ട്‌ഫോളിയോ ഇടപാടുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തരം പോര്‍ട്ട്‌ഫോളിയോ ഇടപാടുകള്‍ മൊത്തം നിക്ഷേപത്തിന്റെ 73 ശതമാനമാണ്. 4.58 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് പോര്‍ട്ട്‌ഫോളിയോ ഇടപാടുകളിലൂടെ എത്തിയത്.
പിഇ ഡീലുകളുടെ ശരാശരി വലുപ്പം 2019-20ലെ 110 മില്യണ്‍ ഡോളറില്‍ നിന്ന് 62 ശതമാനം ഉയര്‍ന്ന് 178 മില്യണ്‍ ഡോളറായി. ഘടനാപരമായ ഡെറ്റും ഇക്വിറ്റിയും യഥാക്രമം 84 ശതമാനവും 15 ശതമാനവും വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ട്രക്‌ചേര്‍ഡ് ഡെറ്റിന്റെ കാര്യത്തിലും വലിയ വിഹിതം പോര്‍ട്ട്‌ഫോളിയോ ഇടപാടുകളിലാണ്.
പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞു പോയത് അഭൂതപൂര്‍വമായ സാമ്പത്തിക വര്‍ഷമായിരുന്നുവെങ്കിലും വിദേശ പിഇ ഫണ്ടുകള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലേക്ക് പമ്പ് ചെയ്ത മൊത്തം പിഇ നിക്ഷേപത്തിന്റെ 93 ശതമാനവും വിദേശ നിക്ഷേപകരില്‍ നിന്നാണ്. വിദേശ പിഇ ഫണ്ടുകളുടെ നിക്ഷേപം മുന്‍ വര്‍ഷത്തെ 3 ബില്യണ്‍ ഡോളറില്‍ നിന്ന് 5.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ആഭ്യന്തര പിഇ ഫണ്ടുകള്‍ 300 മില്യണ്‍ ഡോളര്‍ മാത്രമാണ് നിക്ഷേപിച്ചത്. ''വിദേശ ഫണ്ടുകള്‍ ഇന്ത്യയെക്കുറിച്ച് വളരെ ഉത്സാഹം പ്രകടമാക്കി. വാടകയ്ക്ക് നല്‍കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ആസ്തികള്‍ ഈ വര്‍ഷം വിദേശ നിക്ഷേപകരെ വലിയ തോതില്‍ ആകര്‍ഷിച്ചു,'' അനറോക്ക് ക്യാപിറ്റലിന്റെ എംഡിയും സിഇഒയുമായ ശോഭിത് അഗര്‍വാള്‍ പറഞ്ഞു. ഇതിനൊപ്പം, വിജയകരമായ ആര്‍ഇഐടി ലിസ്റ്റിംഗുകള്‍ പിഇ നിക്ഷേപകര്‍ക്ക് നല്ലൊരു ധനസമ്പാദന ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇത് നല്ല നിലവാരമുള്ള വാടക ഓഫീസ്, റീട്ടെയില്‍ ആസ്തികള്‍ എന്നിവയ്ക്കുള്ള ആവശ്യകത ഉയര്‍ത്തുകയാണെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.