
ഇന്ത്യയില്‍ പെപ്സിയുടെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം ഇന്ത്യയില്‍ ഒറ്റ അക്ക സംഖ്യയില്‍ വളര്‍ച്ച കുറിക്കാന്‍ കഴിഞ്ഞെന്ന് ബഹുരാഷ്ട്ര ഭീമന്മാരായ പെപ്സികോ അറിയിച്ചു. രാജ്യത്ത് ഇതുവരെ നേടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കഴിഞ്ഞ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ രേഖപ്പെടുത്തിയതെന്ന് കമ്പനി പറഞ്ഞു. ഇതേസമയം, മറ്റു വികസ്വര രാജ്യങ്ങളിലെ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ പെപ്സികോയുടെ ഇന്ത്യയിലെ ബിസിനസ് ഇപ്പോഴും മന്ദഗതിയിലാണ്. കാരണം ബ്രസീലിലും മറ്റും രണ്ടക്ക സംഖ്യയിലൂന്നിയ വളര്‍ച്ചയുണ്ട് കമ്പനിക്ക്.
എന്തായാലും ഡിസംബര്‍ പാദത്തില്‍ ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കണ്ടെത്താന്‍ പെപ്സികോയ്ക്ക് സാധിച്ചിട്ടുണ്ട്. ബ്രിട്ടണിലും റഷ്യയിലും താരതമ്യേന ഭേദപ്പെട്ട ഒറ്റ അക്ക സംഖ്യയിലുള്ള വളര്‍ച്ചയും കമ്പനി അവകാശപ്പെടുന്നു. പെപ്സികോ ചെയര്‍മാനും സിഇഓയുമായ രമോണ്‍ ലഗ്വാര്‍ത്തയാണ് വരുമാനത്തെ കുറിച്ചുള്ള ചിത്രം പങ്കുവെച്ചത്. ഡിസംബര്‍ പാദത്തില്‍ ഇന്ത്യയിലെ ശീതള പാനീയ മേഖലയില്‍ മാര്‍ക്കറ്റ് വിഹിതം വര്‍ധിപ്പിക്കാന്‍ പെപ്സികോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ചൈന, ബ്രിട്ടണ്‍, ജര്‍മനി, ഈജിപ്റ്റ്, തായ്ലാന്‍ഡ് വിപണികളിലും പെപ്സികോ കാര്യമായി വേരുറപ്പിച്ചു. മെക്സികോ, ബ്രസീല്‍, ചൈന, റഷ്യ എന്നീ വിപണികളിലെ ലഘുഭക്ഷണ മേഖലയിലും പെപ്സികോ തന്നെയാണ് മുന്നില്‍.
ഡിസംബര്‍ പാദത്തിലെ ആഗോള ചിത്രം വിലയിരുത്തുമ്പോള്‍ ശീതള പാനീയ ബിസിനസിലാണ് പെപ്സികോ കാര്യമായ മുന്നേറ്റം നടത്തിയിരിക്കുന്നത്. ലഘുഭക്ഷണ ബിസിനസില്‍ വലിയ വളര്‍ച്ച കണ്ടെത്താന്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിക്ക് സാധിച്ചില്ല. നിലവില്‍ പെപ്സി കോള, ക്വെയ്ക്കര്‍ ഫൂഡ്സ്, ചീറ്റോസ്, ലെയ്സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ പെപ്സികോയ്ക്ക് കീഴിലാണ് വിപണിയിലെത്തുന്നത്. ഒക്ടോബര്‍ - ഡിസംബര്‍കാലത്ത് പെപ്സികോയുടെ മൊത്തം വരുമാനം 8.8 ശതമാനം കൂടി 22.46 ബില്യണ്‍ ഡോളറിലാണ് വന്നുനില്‍ക്കുന്നതും.