പതിവ് തുടരുന്നു; ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു

March 25, 2022 |
|
News

                  പതിവ് തുടരുന്നു; ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 90 പൈസയും ഡിസലിന് 84 പൈസയും കൂട്ടിയിരുന്നു. ബുധനാഴ്ച വീണ്ടും പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടി.

വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചത്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികള്‍ക്കാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം ഘട്ടംഘട്ടമായി വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.

2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

Related Articles

© 2025 Financial Views. All Rights Reserved