
ന്യൂഡല്‍ഹി: ഈ മാസം നാലിന് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കുറച്ച ശേഷം രാജ്യത്ത് തുടര്‍ച്ചയായി 26 ദിവസം ഇന്ധന വിലയില്‍ മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ ഇതിനിടയ്ക്ക് പലവട്ടം ഏറ്റക്കുറച്ചിലുകളുണ്ടായിട്ടും രാജ്യത്ത് വിലയില്‍ പ്രതിഫലിച്ചിട്ടില്ല. കരുതല്‍ ശേഖരം വിപണിയിലിറക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിച്ചപ്പോള്‍ ക്രൂഡ് ഓയില്‍ വില കൂടിയെങ്കിലും ഒമിക്രോണ്‍ ഭീതി കാരണം വെള്ളിയാഴ്ച 10 ഡോളറോളം ഇടിഞ്ഞിരുന്നു. ഇന്നലെ മൂന്നു ഡോളറോളം വില കയറുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചാണ് വില കുറയുകയും കൂടുകയും ചെയ്യുന്നതെന്നാണ് കമ്പനികളും കേന്ദ്രസര്‍ക്കാരും വിശദീകരിക്കാറുള്ളത്.
വിവിധ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്ന ശേഷം ദീപാവലിക്കു തലേന്നാണ് എക്‌സൈസ് നികുതി പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ചത്. അതിനു ശേഷം ഒട്ടേറെ സംസ്ഥാനങ്ങള്‍ സംസ്ഥാന വാറ്റും കുറച്ച് ജനത്തിന് ആശ്വാസമേകി. കേരളമടക്കം ചില സംസ്ഥാനങ്ങള്‍ കുറച്ചില്ല.
ഈ വര്‍ഷം ഇതിനു മുന്‍പ് മാര്‍ച്ചില്‍ 5 സംസ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴും ഓഗസ്റ്റില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുമ്പോഴും വിലയില്‍ മാറ്റമില്ലാതെ പിടിച്ചു നിര്‍ത്തിയിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 23 വരെയാണ് സമ്മേളനം.
അനിയന്ത്രിതമായ വിലയക്കയറ്റം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ എന്‍.കെ. പ്രേമചന്ദ്രന്‍ ഇതു സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടിസും നല്‍കി. പെട്രോള്‍, ഡീസല്‍ പാചകവാതകം എന്നിവ ജിഎസ്ടിയില്‍ കൊണ്ടുവരണമെന്ന് ലോക്‌സഭയില്‍ ബെന്നി ബഹനാന്‍ ഇന്നലെ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കോവിഡില്‍ വലയുന്ന രാജ്യത്തെ സാധാരണക്കാരെ കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.