
ന്യൂഡല്‍ഹി: ജര്‍മ്മനി, ഹോങ്കോങ്, യുകെ എന്നി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പെട്രോള്‍ വില കുറവെന്ന് റിപ്പോര്‍ട്ട്. അതേസമയം അമേരിക്ക, ചൈന, പാകിസ്ഥാന്‍, ബ്രസീല്‍, ജപ്പാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് വില കൂടുതലാണെന്നും ബാങ്ക് ഓഫ് ബറോഡ ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വില നിയന്ത്രിച്ച് നിര്‍ത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്. 106 രാജ്യങ്ങളിലെ ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മെയ് ഒന്‍പതിലെ പെട്രോള്‍ വിലയാണ് റിപ്പോര്‍ട്ടിന് ആധാരം. പെട്രോള്‍ വിലയില്‍ ഇന്ത്യയുടെ സ്ഥാനം 42 ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
50 രാജ്യങ്ങളില്‍ പെട്രോള്‍ വില ഇന്ത്യയേക്കാള്‍ മുകളിലാണ്. ജര്‍മ്മനി, ഹോങ്കോങ്, യുകെ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നോര്‍വേ, ഇസ്രായേല്‍, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലും ഇന്ത്യയേക്കാള്‍ വില കൂടുതലാണ്. രണ്ടു ഡോളറിന് മുകളിലാണ് വില. ജര്‍മ്മനിയില്‍ പെട്രോള്‍ വാങ്ങാന്‍ 2.28 ഡോളര്‍ നല്‍കണം. യുകെയിലും സിംഗപ്പൂരിലും 1.87 ഡോളറാണ് വില.
ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 1.35 ഡോളറാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 105.41 രൂപ നല്‍കണം. ഡീസലിന് 96.67 രൂപയും. എന്നാല്‍ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യയേക്കാള്‍ വില കുറവാണ്. സംഘര്‍ഷ ഭരിതമായ യുക്രൈനില്‍ പോലും വില കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഓസ്ട്രേലിയ, തുര്‍ക്കി, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളില്‍ പെട്രോള്‍ വില ഇന്ത്യയ്ക്ക് സമമാണ്.