തുടര്‍ച്ചയായി വില വര്‍ധിച്ച് ഇന്ധനം; ഒന്‍പത് ദിവസത്തിനിടെ ഉയര്‍ന്നത് 5 രൂപ; കോവിഡ് കാലത്ത് വിലക്കയറ്റ ഭീതിയില്‍ ജനങ്ങള്‍

June 15, 2020 |
|
News

                  തുടര്‍ച്ചയായി വില വര്‍ധിച്ച് ഇന്ധനം; ഒന്‍പത് ദിവസത്തിനിടെ ഉയര്‍ന്നത് 5 രൂപ; കോവിഡ് കാലത്ത് വിലക്കയറ്റ ഭീതിയില്‍ ജനങ്ങള്‍

തിരുവനന്തപുരം: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസല്‍ 59 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 76.52 രൂപയും കൊച്ചിയില്‍ ഡീസല്‍ വില 70.75 രൂപയുമായി.

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങള്‍. പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കത്തയച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചത്. വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

ലോക്ക്ഡൗണിന് ശേഷം ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ സജീവമാകുന്നതേ ഉള്ളൂ. രണ്ട് മാസത്തെ വരുമാന നഷ്ടത്തിന് ശേഷം എത്തിയ തൊഴിലാളികള്‍ക്ക് ഇന്ധന വില വര്‍ധന താങ്ങാനാകുന്നില്ല. ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് ഉള്‍പ്പടെ കൂട്ടണമെന്ന ആവശ്യവും ഇതിനൊപ്പം ഉയര്‍ന്നു വരികയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും ഗുണം ഉപഭോക്താവിന് കിട്ടുന്നില്ല. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ തന്നെ കുറഞ്ഞത് 80 മുതല്‍ 85 രൂപ വരെ പെട്രോള്‍ ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

© 2025 Financial Views. All Rights Reserved