ഡല്‍ഹിയില്‍ പെട്രോള്‍ നികുതി കുറച്ചു; വില 8 രൂപ കുറഞ്ഞു

December 01, 2021 |
|
News

                  ഡല്‍ഹിയില്‍ പെട്രോള്‍ നികുതി കുറച്ചു; വില 8 രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോള്‍ നികുതി കുറച്ചു. വാറ്റ് നിരക്ക് 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനം ആയാണ് കുറച്ചത്. ഇതോടെ പെട്രോള്‍ വിലയില്‍ എട്ടു രൂപ കുറവു വന്നു. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ദീപാവലിക്കു മുന്നോടിയായി കഴിഞ്ഞ മാസം മൂന്നിന്  പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയതിനു പിന്നാലെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും നികുതി കുറവു പ്രഖ്യാപിച്ചു.

രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ ചില കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളും നികുതി കുറവു പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കില്ലെന്ന നിലപാടു സ്വീകരിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഉണ്ടായ കുറവിനെത്തുടര്‍ന്നാണ് കമ്പനികള്‍ പ്രതിദിന വില പുനര്‍ നിര്‍ണയത്തില്‍ മാറ്റം വരുത്താത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഘട്ടത്തില്‍ ബാരലിന് 85 ഡോളര്‍ വരെ എത്തിയ എണ്ണ വില ഇപ്പോള്‍ 79ലേക്കു താഴ്ന്നിട്ടുണ്ട്.

എന്നാല്‍ ഉത്പാദന വര്‍ധന വേഗത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന് എണ്ണ ഉത്പാദക രാജ്യങ്ങള്‍ തീരുമാനിച്ചതോടെ ഡിസംബറില്‍ വില ഉയരുമെന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ച നവംബര്‍ മൂന്നിനു മുമ്പുള്ള 59 ദിവസങ്ങളില്‍ 30ലും ഡീസല്‍ വില വര്‍ധിച്ചിരുന്നു. പെട്രോള്‍ വിലയിലും മിക്ക ദിവസങ്ങളിലും വര്‍ധന രേഖപ്പെടുത്തി. ജനുവരി ഒന്നു വരെയുള്ള കണക്ക് അനുസരിച്ച് പെട്രോള്‍ വിലയില്‍ 26 രൂപയിലേറെയാണ് വര്‍ധനയുണ്ടായത്.

Related Articles

© 2025 Financial Views. All Rights Reserved