
പുതുച്ചേരി: തമിഴ്‌നാടിന് പിന്നാലെ ഇന്ധന നികുതി കുറച്ച് പുതുച്ചേരിയും. വാറ്റില്‍ മൂന്ന് ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. കാബിനറ്റ് യോഗത്തിലാണ് നികുതി കുറക്കാനുള്ള തീരുമാനം മുഖ്യമന്ത്രി എന്‍. രംഗസ്വാമി പ്രഖ്യാപിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ തീരുമാനത്തിന് അംഗീകാരം നല്‍കി.
ഇതോടെ പുതുച്ചേരിയില്‍ പെട്രോള്‍ വില ലിറ്ററിന് 2.43 രൂപ കുറയും. ഒരു ലിറ്റര്‍ പെട്രോളിന് കാരയ്ക്കലില്‍ 99.30 രൂപയും പുതുച്ചേരിയില്‍ 99.52 രൂപയുമായിരിക്കും വില. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സഹായം പരമാവധി 500 രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. നേരത്തെ സമാനമായ രീതിയില്‍ തമിഴ്‌നാടും ഇന്ധന നികുതി കുറച്ചിരുന്നു. എക്‌സൈസ് തീരുവയില്‍ മൂന്ന് രൂപയുടെ കുറവാണ് തമിഴ്‌നാട് വരുത്തിയത്.