
കൊച്ചി: ഡീസല്‍ വിലയില്‍ വര്‍ധന. 23 പൈസയാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ജൂലൈ 15നായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് 4 മുതല്‍ ജൂലൈ 17 വരെയുള്ള സമയം 11.44 രൂപയാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ ഡീസലിന് വര്‍ധിപ്പിച്ചത് 9.14 രൂപയും. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു.
അതേസമയം രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. 'ഇന്ധന വില കുറയണം എന്ന് തന്നെയാണ് നിലപാട്. എന്നാല്‍ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതും വില കുറയ്ക്കാന്‍ കഴിയാത്തതുമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ക്രൂഡ് ഓയില്‍ ബാരലിനു 19 ഡോളര്‍ ആയിരുന്നപ്പോഴും 75 ഡോളര്‍ ആയപ്പോഴും 32 രൂപ നികുതി തന്നെയാണ് കേന്ദ്രം ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ മാത്രം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 3.51 രൂപ പെട്രോളിന് കൂട്ടിയെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. മമതാ ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ പശ്ചിമബംഗാളിലെ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. നേരത്തെയും ഇതേ വാദവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിലും ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും ബിജെപി ഭരിക്കുന്ന യുപിയും, കേരളവുമടക്കമുള്ള മറ്റു സംസ്ഥാനങ്ങളും ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.