സെപ്റ്റംബര്‍ മുതല്‍ നിലവില്‍ വരുന്ന പിഎഫ്, ജിഎസ്ടി, ബാങ്കിങ് മാറ്റങ്ങള്‍ അറിയാം

August 28, 2021 |
|
News

                  സെപ്റ്റംബര്‍ മുതല്‍ നിലവില്‍ വരുന്ന പിഎഫ്, ജിഎസ്ടി, ബാങ്കിങ് മാറ്റങ്ങള്‍ അറിയാം

സാമ്പത്തിക മേഖലയില്‍ അടുത്ത മാസം ചില നിര്‍ണായ മാറ്റങ്ങള്‍ നിലവില്‍ വരികയാണ്. പി.എഫ്, ജി.എസ്.ടി, ബാങ്കിങ് തുടങ്ങിയ മേഖലകളിലാണ് മാറ്റങ്ങള്‍. ഇതിനൊപ്പം തുടക്കത്തില്‍ തന്നെ എല്‍.പി.ജി വിലയിലും മാറ്റമുണ്ടാകും. സെപ്റ്റംബര്‍ മുതല്‍ സമ്പദ്‌വ്യവസ്ഥയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ അറിയാം

ആധാര്‍-പി.എഫ് ലിങ്കിങ് നിര്‍ബന്ധം

സെപ്റ്റംബര്‍ മുതല്‍ ആധാര്‍ കാര്‍ഡും-പിഎഫിലെ യു.എ.എന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പിഎഫ് അക്കൗണ്ടിലേക്ക് തൊഴിലുടമക്കോ, തൊഴിലാളിക്കോ പണം നിക്ഷേപിക്കാനാവില്ല. സാമൂഹ്യസുരക്ഷ കോഡിലെ 142ാം വകുപ്പില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാറ്റം നടപ്പിലാക്കുന്നത്. പുതിയ രീതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

എല്‍.പി.ജി വില ഉയര്‍ന്നേക്കും

ആഗസ്റ്റില്‍ എല്‍.പി.ജി വില എണ്ണ കമ്പനികള്‍ ഉയര്‍ത്തിയിരുന്നു. സിലിണ്ടറൊന്നിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് എല്‍.പി.ജി വില ഉയര്‍ത്തുന്നത്. സെപ്റ്റംബറിലും ഇതേ രീതി തന്നെ എണ്ണ കമ്പനികള്‍ പിന്തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായ മൂന്നാം മാസവും എല്‍.പി.ജി വില ഉയരും.

ജി.എസ്.ടിയിലും മാറ്റം

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജി.എസ്.ടിയിലും മാറ്റം വരികയാണ്. ജി.എസ്.ടി.ആര്‍-1 സമര്‍പ്പിക്കുന്നതിലാണ് നിയന്ത്രണം. ജി.എസ്.ടി.ആര്‍-3ബി പ്രകാരമുള്ള റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഇനി മുതല്‍ ജി.എസ്.ടി.ആര്‍-1 ഫോം നല്‍കാനാവില്ലെന്നാണ് നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ജി.എസ്.ടി.ആര്‍-3ബി ഫോം സമര്‍പ്പിക്കാതെ പാദവാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനിരുന്നവര്‍ക്കാവും തീരുമാനം തിരിച്ചടിയാവുക.

എസ്.ബി.ഐ പാന്‍-ആധാര്‍ കാര്‍ഡ് ലിങ്കിങ്

സെപ്റ്റംബര്‍ 30നകം ഉപയോക്താക്കളോട് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാന്‍ എസ്.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് ചില സേവനങ്ങള്‍ ലഭ്യമാവില്ലെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് സെപ്റ്റംബറിനകം എസ്.ബി.ഐ അക്കൗണ്ട് ഉടമകള്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം

ചെക്ക് ക്ലിയറിങ്

50,000 രൂപക്ക് മുകളിലുള്ള ചെക്ക് ക്ലിയര്‍ ചെയ്യുന്നതിന് ആര്‍.ബി.ഐ പുതിയ മാനദണ്ഡം കൊണ്ടു വന്നിരുന്നു. ചെക്ക് നല്‍കുന്നയാള്‍ മുന്‍കൂറായി ബാങ്കില്‍ അറിയിച്ചില്ലെങ്കില്‍ ഇത്തരം ചെക്കുകള്‍ ക്ലിയര്‍ ചെയ്യേണ്ടെന്നായിരുന്നു ആര്‍.ബി.ഐ നിര്‍ദേശം. പല ബാങ്കുകളും ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ചില ബാങ്കുകള്‍ ആര്‍.ബി.ഐ നിര്‍ദേശം നടപ്പാക്കിയിട്ടില്ല. ഇത്തരത്തില്‍ ആര്‍.ബി.ഐ നിര്‍ദേശം നടപ്പാക്കാത്ത ബാങ്കുകളിലൊന്നായ ആക്‌സിസ് അടുത്ത മാസം മുതല്‍ പുതിയ സംവിധാനത്തിലേക്ക് മാറും.

Read more topics: # RBI, # cheque,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved