
ഇന്ത്യയിൽ നിന്നു യുഎസ് കഴിഞ്ഞ ദിവസം വാങ്ങിയത് 2.9 കോടി ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ. ഈ മലേറിയ ഗുളികയുടെ ആഗോള ഉൽപാദനത്തിൽ 70 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. അതിനാൽത്തന്നെ ഇപ്പോൾ സഹായം തേടി നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളും ബ്രസീലും ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്.
പ്രതിരോധ മരുന്ന് വികസിപ്പിക്കും വരെ കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്ന ഗുളികയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. ഇതിന്റെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചതു ചൊവ്വാഴ്ചയാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള 3 കമ്പനികളാകും യുഎസിലേക്കു ഗുളിക കയറ്റുമതി ചെയ്യുക. കയറ്റുമതി നിരോധനത്തിനു മുൻപേ യുഎസ് ഓർഡർ നൽകിയ ഗുളികകളുടെ വിതരണം തടസ്സപ്പെടരുതെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. മോദി അനുകൂലമായി പ്രതികരിച്ചെന്നും വെളിപ്പെടുത്തി.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 24 സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾക്കും (എപിഐ) ഫോർമുലേഷനുകൾക്കും ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണം പിൻവലിച്ചിരുന്നു. എന്നിരുന്നാലും, പാരസെറ്റമോളിന്റെയും അതിന്റെ ഫോർമുലേഷനുകളുടേയും കയറ്റുമതി നിയന്ത്രിതമായി തുടരുകയാണ്. അത് കയറ്റുമതി ചെയ്യുന്നതിന് സർക്കാരിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി പുനരാരംഭിക്കാത്തപക്ഷം ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിയുയർത്തിയത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ‘ഗെയിം ചേഞ്ചര്‍’ ആണ് ഇതുവരെ മലേരിയയ്ക്കെതിരെ ഉപയോഗിച്ചുപോന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന് അദ്ദേഹം പറയുകയും ചെയ്തു.
കയറ്റുമതി നിരോധനം പിൻവലിച്ചു
ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി നിരോധനവും, തിരിച്ചടിക്കുമെന്ന ട്രംപിന്റെ ഭീഷണിയും നിരോധനം പരിമിതമായി നീക്കാനുള്ള ഇന്ത്യയുടെ തീരുമാനവും ഏതാനും ദിവസങ്ങൾക്കുള്ളിലാണ് സംഭവിച്ചത്. ഇനിയും സാധാരണഗതിയിലല്ലാത്ത ഇന്ത്യ – യുഎസ് വ്യാപാര ബന്ധത്തിലെ ശ്രദ്ധേയമായൊരു അധ്യായമാണിത്. ഔഷധ മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള തർക്കങ്ങൾ പരിഹരിക്കാത്തതിനാലാണ് ഉഭയകക്ഷി വ്യാപാര കരാർ സാധ്യമാകാത്തത്. അതിനാലാകാം, ഒരു മരുന്നിന്റെ കയറ്റുമതിയെച്ചൊല്ലിയുള്ള തർക്കം ഇത്രവേഗം പരിഹരിക്കപ്പെടുന്നത്.
തുടർന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളിക യുഎസിനു ലഭ്യമാക്കിയതിന് ഡോണൾഡ് ട്രംപ് ട്വീറ്റിലൂടെ നന്ദി പറഞ്ഞു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ ഉറ്റസുഹൃത്തുക്കളെ വീണ്ടും അടുപ്പിക്കുമെന്നതിന്റെ ഉദാഹരണമായാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയുടെ സഹായത്തെ വിശേഷിപ്പിച്ചത്. ആ പറഞ്ഞതിനോടു പൂർണമായും യോജിക്കുന്നെന്നാണു മോദി മറുപടി ട്വീറ്റിൽ പറഞ്ഞത്. ഇതിൽ നമ്മൾ ഒരുമിച്ചു നിന്നു വിജയിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. മരുന്ന് നിരോധനം പിൻവലിച്ചതോടെ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്.
എന്തു കൊണ്ട് ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാകുന്നു ?
2001 ൽ ആഫ്രിക്ക ഒരു വലിയ ആരോഗ്യ പ്രതിസന്ധി നേരിടുകയായിരുന്നു. സബ്-സഹാറന്‍ ആഫ്രിക്കയില്‍ മാത്രം 22.5 ദശലക്ഷം എച്ച്‌ഐവി ബാധിതരുണ്ട്. പാശ്ചാത്യ മരുന്ന് കമ്പനികള്‍ വിതരണം ചെയ്യുന്ന പേറ്റന്റ് മരുന്നുകളുടെ വില ഒരു രോഗിക്ക് പ്രതിവര്‍ഷം 10,000 ഡോളറോളം വരും. ഈയൊരു ഘടകം ഒന്നു കൊണ്ടു തന്നെ ഒരു ശരാശരി രോഗിക്ക് ഈ മരുന്ന് വാങ്ങിക്കുവാനും സാധിക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മരുന്ന് കമ്പനിയായ സിപ്ല രംഗപ്രവേശം ചെയ്തത്. പാശ്ചാത്യ മരുന്ന് കമ്പനികള്‍ വില്‍പന നടത്തിയ അതേ മരുന്നിന്റെ ജനറിക് പതിപ്പ് വില കുറച്ച് നല്‍കി. പാശ്ചാത്യ കമ്പനികള്‍ ഈടാക്കിയ വിലയുടെ ഇരുപത്തിയഞ്ചിലൊരു (1/25) വിലയ്ക്ക് ഇന്ത്യന്‍ ഫാര്‍മ മരുന്ന് ലഭ്യമാക്കി. പാശ്ചാത്യ കമ്പനികള്‍ പ്രതിവര്‍ഷം 10,000 ഡോളര്‍ ഈടാക്കിയ മരുന്ന്, ഇന്ത്യന്‍ ഫാര്‍മ 400 ഡോളറിന് ലഭ്യമാക്കി. സിപ്ലയുടെ വരവ്, മറ്റ് നിരവധി ഇന്ത്യന്‍ ജനറിക് മരുന്ന് കമ്പനികളെയും ആഫ്രിക്കയിലേക്ക് പ്രവേശിക്കാന്‍ പ്രേരിപ്പിക്കുകയും അത് ആഫ്രിക്കയിലെ ലക്ഷക്കണക്കിനു ജീവനുകളെ രക്ഷിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് എയ്ഡ്‌സ് ബാധിതരെ ചികിത്സിക്കുന്നതിനായി ആഫ്രിക്ക പ്രതിവര്‍ഷം രണ്ട് ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണു കണക്കാക്കുന്നത്. ഇന്ത്യ ഇല്ലായിരുന്നെങ്കില്‍ രണ്ട് ബില്യന്‍ ഡോളറിന് എയ്ഡ്‌സ് ബാധിതരെ ചികിത്സിക്കാന്‍ സാധിക്കില്ലായിരുന്നെന്നു യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിച്ചല്‍ സിഡിബെ പറയുകയുമുണ്ടായി. എച്ച്‌ഐവി ബാധിതരെ ചികിത്സിക്കാനുള്ള ആന്റി റിട്രോ വൈറല്‍ മരുന്നുകള്‍ (anti-retroviral drugs ) മാത്രമല്ല, പാശ്ചാത്യ വന്‍കിട ഫാര്‍മ കമ്പനികള്‍ ഈടാക്കുന്ന തുകയുടെ ചെറിയ ഒരു ഭാഗം മാത്രം ഈടാക്കി ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ആന്റി-മലേറിയ, ടി ബി (tuberculosis ) മരുന്നുകളും ആഫ്രിക്കയില്‍ വില്‍പ്പന നടത്തുന്നുണ്ട്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആന്റി-മലേറിയ, ടി ബി മരുന്നുകള്‍ വിതരണം ചെയ്യുന്നതും ഇന്ത്യന്‍ കമ്പനികളാണ്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, റാന്‍ബാക്‌സി, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, സിപ്ല, ഇവയ്ക്കു പുറമേ ഡസന്‍ കണക്കിനു ചെറിയ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ എന്നിവ ഇല്ലെങ്കില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അവര്‍ നേരിടുന്ന പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടാന്‍ കഴിയുമായിരുന്നില്ലെന്നു പരക്കേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
മരുന്ന് കയറ്റുമതിയില്‍ മുന്‍നിരക്കാര്‍
2015 ല്‍ ഇന്ത്യ ഏകദേശം നാല് ബില്യന്‍ ഡോളര്‍ വില മതിക്കുന്ന ഔഷധ ഉത്പന്നങ്ങള്‍ ആഫ്രിക്കയിലേക്കു കയറ്റുമതി ചെയ്തു. ഈ വര്‍ഷം ഇത് 10 ബില്യന്‍ ഡോളറിലേക്കു വളരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, നൈജീരിയ, റുവാണ്ട, മഡഗാസ്‌കര്‍, സിംബാബ്‌വേ, മൊസാംബിക്ക്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ പ്രധാനമായും മരുന്നു കയറ്റുമതി ചെയ്യുന്നത്. അടുത്ത കാലത്തായി ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് ഇസ്രയേല്‍, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെ മരുന്നു കമ്പനികളില്‍ നിന്നും മത്സരം നേരിടേണ്ടി വരുന്നുമുണ്ട്.
അമേരിക്കക്കാര്‍, ചികിത്സ തേടുമ്പോള്‍ ഡോക്ടര്‍മാര്‍ അവര്‍ക്കു നിര്‍ദേശിക്കുന്ന മരുന്നുകളെ കുറിച്ച് അറിയുമ്പോള്‍ പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. കാരണം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ 90 ശതമാനത്തിലധികവും ജനറിക് മെഡിസിനുകളാണ്. ഇതു മാത്രമല്ല, അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ജനറിക് മരുന്നുകളുടെ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണു നിര്‍മിക്കുന്നത്. സാധാരണക്കാരനു ചെലവ് വഹിക്കാനാകുന്ന ജനറിക് മരുന്നുകള്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതാകട്ടെ, ഇന്ത്യയെ ‘ ലോകത്തിന്റെ ഫാര്‍മസി ‘ യെന്ന ഖ്യാതിയിലേക്കു നയിക്കുകയും ചെയ്തു.
അമേരിക്കയുടെ ജനറിക് മരുന്ന് ആവശ്യങ്ങളില്‍ 50 ശതമാനം വരെ ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ കോവിഡ്-19 പ്രതിസന്ധി ഉടലെടുത്തതോടെ ആഗോളതലത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വിതരണ ശൃംഖലയിലുടനീളം തടസം അനുഭവപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതു പക്ഷേ, ഇന്ത്യയ്ക്ക് വലിയൊരു അവസരവും സമ്മാനിക്കുന്നുണ്ട്. കാരണം, ഭാവിയിലേക്കുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും ഈ പ്രതിസന്ധി സഹായകരമാകും. ഇന്ത്യയുടെ സര്‍ക്കാരിന്റെ സ്വന്തം കണക്ക് അനുസരിച്ച്, ഔഷധങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തും, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 13-ാം സ്ഥാനത്തുമാണെന്നാണ്. ഇന്ത്യയുടെ വ്യാപാര വിപുലീകരണ തന്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണു ഫാര്‍മസ്യൂട്ടിക്കല്‍സ്. ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായം 2030 ഓടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് വിതരണക്കാരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.