ഇടനിലക്കാരില്ലാതെ ഇന്‍ഷുറന്‍സുമായി ഇനി ഫോണ്‍പേ എത്തും

August 30, 2021 |
|
News

                  ഇടനിലക്കാരില്ലാതെ ഇന്‍ഷുറന്‍സുമായി ഇനി ഫോണ്‍പേ എത്തും

ഡിജിറ്റല്‍ പേമെന്റ് ആപ്പായ ഫോണ്‍പേ വഴി ഇനി ഉപയോക്താക്കള്‍ക്ക് ഇടനിലക്കാരില്ലാതെ തന്നെ ഇന്‍ഷുറന്‍സുകള്‍ വാങ്ങാം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ) ഫോണ്‍പേയ്ക്കു ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലൈസന്‍സ് അനുവദിച്ചു. ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സുകളാകും ഫോണ്‍ പേ വിതരണം ചെയ്യുക. 2020ല്‍ കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സുമായി ഫോണ്‍പേ ഇന്‍ഷുറന്‍സ് മേഖലയില്‍ രംഗപ്രവേശം ചെയ്തിരുന്നു. ഓരോ വിഭാഗത്തിലേയും മൂന്നു ഇന്‍ഷുറന്‍സ് കമ്പനികളുമായി മാത്രമായിരുന്നു ഫോണ്‍ പേയ്ക്കു ഇടപാടുകള്‍ സാധിക്കുമായിരുന്നുള്ളു.

ഡയറക്ട് ബ്രോക്കിങ് ലൈസന്‍സ് ലഭിച്ചതോടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ഇന്‍ഷുറന്‍സുകള്‍ വാഗ്ദാനം ചെയ്യാന്‍ കമ്പനിക്കാക്കും. ഇതോടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണു വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളാണ് ഫോണ്‍പേയ്ക്കുള്ളത്. ഡയറക്ട് ലൈസന്‍സ് വഴി ഉപയോക്താക്കളുടെ ആവശ്യാനുസരങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സുകള്‍ കമ്പനിക്കു നല്‍കാം. അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ അന്വേഷിച്ച് ഇന്‍ഷുറന്‍സ് കമ്പനി ശാഖകളോ വെബ്സൈറ്റുകളോ കയറിയിറങ്ങേണ്ടതില്ല. നിങ്ങുടെ ആവശ്യങ്ങള്‍ നല്‍കി ഞൊടിയിടയില്‍ ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ പോളിസികള്‍ തെരഞ്ഞെടുക്കാം.

കോവിഡും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് മേഖലയ്ക്കു വലിയ ഉണര്‍വേകിയിരുന്നു. രാജ്യത്ത് നിയന്ത്രങ്ങള്‍ കടുത്തതോടെ ഡിജിറ്റല്‍ മേഖലയില്‍നിന്നു അകന്നുനിന്നിരുന്ന ഭൂരിഭാഗം പേരും പുതിയ പേമെന്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചു തുടങ്ങി. യു.പി.ഐ. ഇടപാടുകളില്‍ അടുത്തിടെ രേഖപ്പെടുത്തിയ വന്‍ വര്‍ധനയും ഇതാണു സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് മാര്‍ഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ആപ്പുകളാണ് ഗൂഗിള്‍ പേയും ഫോണ്‍ പേയും. ഓണ്‍ലൈന്‍ ഇ- കൊമേഴ്സ് വമ്പനായ ഫ്ളിപ്കാര്‍ട്ടാണ് ഫോണ്‍പേയ്ക്കു പിന്നിലുള്ളത്. ക്യാഷ്ബാക്ക് അടക്കമുള്ള ഓഫറുകളാണ് ഉപയോക്താക്കളെയും മറ്റും ഫോണ്‍പേ പോലുള്ള ആപ്പുകളിലേക്ക് ആകര്‍ഷിക്കുന്നത്.

ബാങ്ക് ആപ്പുകളെ അപേക്ഷിച്ച് ഇടപാടുകള്‍ സുഗമാമണെന്നതും ഇത്തരം ആപ്പുകളുടെ പ്രചാരം വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തരം ആപ്പുകള്‍ വഴി പണം കൈമാറുമ്പോള്‍ ഐ.എം.പി.എസ്. ചാര്‍ജുകളടക്കം ഒഴിവാകുന്നുവെന്നതും ശ്രദ്ധേയമാണ്. 2018ല്‍ സ്വിച്ചിങ് പ്ലാറ്റ്ഫോം, ഫോണ്‍ പേ അവതരിപ്പിച്ചിരുന്നു. ഫോണ്‍ പേ ആപ്പ് വഴി തന്നെ നിലവില്‍ ഉപയോക്താക്കള്‍ക്ക് ഒല, സ്വിഗി, മിന്ത്ര, ഐ.ആര്‍.സി.ടി.സി, ഗോബിബോ, റെഡ് ബസ് തുടങ്ങി ഒട്ടനവധി ആപ്ലിക്കേഷനുകളിലേക്ക് എത്തിപ്പെടാം.

Read more topics: # ഫോണ്‍പേ, # phonepe,

Related Articles

© 2025 Financial Views. All Rights Reserved