
മുംബൈ: ഡിജിറ്റല്‍ വാലറ്റായ ഫോണ്‍പേയുടെ പ്രവര്‍ത്തനം തകരാറിലായി. ബാങ്കിംഗ് പങ്കാളിയായ യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാക്കിയതിനെത്തുടര്‍ന്നാണ് പേയ്‌മെന്റ് സ്ഥാപനമായ ഫോണ്‍പേ തകരാറിലായത്. ഉപയോക്താക്കള്‍ക്ക് ഫോണ്‍പേ പ്ലാറ്റ്ഫോം ഉപയോഗിച്ച് പണമടയ്ക്കാന്‍ കഴിയുന്നില്ല.
സേവനങ്ങള്‍ താല്‍ക്കാലികമായി ലഭ്യമല്ലെന്നും മുന്‍കൂട്ടി ചിട്ടപ്പെടുത്താത്ത ചില അറ്റകുറ്റപ്പണികളുടെ പ്രവര്‍ത്തനം നടക്കുകയാണെന്നാണ് ആദ്യം ഫോണ്‍പേയുടെ ഔദ്യോഗിക വിശദീകരണം വന്നത്. എന്നാല്‍, യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയതാണ് തകരാറിന് കാരണമെന്ന് സ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം പിന്നീട് സമ്മതിച്ചു. സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ മുഴുവന്‍ ടീമും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണ്‍പേ ആപ്പ് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റല്‍ വാലറ്റ് കമ്പനിയുടെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനമാണ് ഫോണ്‍പേ. 2015 ല്‍ സ്ഥാപിതമായ ഫോണ്‍പേയെ 2016 ല്‍ ഫ്ളിപ്കാര്‍ട്ട് ഏറ്റെടുത്തിരുന്നു.
യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരിക്കുകയാണ്. യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു. ഇനിയൊരുത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളത് എന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കിനെതിരെയുള്ള നടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. അടുത്ത ഒരു മാസത്തേക്ക് യെസ് ബാങ്കിനെ നിയന്ത്രിക്കുക എസ്ബിഐയുടെ മുന്‍ സിഎഫ്ഒ പ്രശാന്ത് കുമാര്‍ ആയിരിക്കും.അഡ്മിനിസ്ട്രേറ്ററുടെ ചുമതലയില്‍ സമഗ്ര പരിശോധന നടത്തിയ ശേഷമാകും റിസര്‍വ് ബാങ്കിന്റെ അടുത്ത നടപടികളുണ്ടാകുക.