
ന്യൂഡല്‍ഹി: പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി ഈടാക്കാമെന്ന് ഹരിയാന ജിഎസ്ടി അപ്ലേറ്റ് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ്. പുതിയ തീരുമാനപ്രകാരം ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വില്‍ക്കുന്ന പിസയുടെ നികുതി നിര്‍ണ്ണയം സങ്കീര്‍ണമായി മാറും. നിലവില്‍ റസ്റ്ററന്റുകളിലും ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന പിസക്ക് അഞ്ച് ശതമാനമാണ് നികുതി. ഇത് പ്രത്യേകമായി വാങ്ങിയാല്‍ 12 ശതമാനം നികുതി നല്‍കണം. വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്ന പിസക്ക് 18 ശതമാനമാണ് നികുതി.
മാര്‍ച്ച് 10ലെ ഹരിയാന അപ്ലേറ്റ് അതോറിറ്റിയുടെ ഉത്തരവോടെ പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി നല്‍കേണ്ടി വരും. പിസയുടേയും ടോപ്പിങ്ങിന്റേയും പാചകരീതി വ്യത്യസ്തമാണെന്നതാണ് ഉയര്‍ന്ന നികുതിക്കുള്ള ന്യായീകരണമായി അപ്ലേറ്റ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. പുതിയ തീരുമാനത്തോടെ പിസക്കും പിസ ടോപ്പിങ്ങിനും വ്യത്യസ്തമായി നികുതിയിടാക്കേണ്ട സാഹചര്യമാണുള്ളത്. ഇത് എങ്ങനെ ഈടാക്കുമെന്ന സംശയമാണ് പല റസ്റ്ററന്റുകള്‍ക്കുമുള്ളത്. പിസ രൂചികരമാക്കാന്‍ ചീസ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷ്യവസ്തുവാണ് ടോപ്പിങ്.