
കാര്‍ബണ്‍ പുറന്തള്ളലുമായി ബന്ധപ്പെട്ട് രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിയ പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിന്റെ ആദ്യപടിയായി പുതിയ കല്‍ക്കരി അധിഷ്ഠിത പവര്‍ യൂണിറ്റുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണയില്‍. ദേശീയ വൈദ്യുതി നയം (എന്‍.ഇ.പി) പരിഷ്‌കരിക്കാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി, പുതിയ കല്‍ക്കരി അധിഷ്ഠിത പ്ലാന്റുകള്‍ പരിഗണിക്കേണ്ടതില്ലെന്ന് ശുപാര്‍ശ നല്‍കിയതാണ് വിവരം. മറ്റു സ്രോതസുകളില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഊര്‍ജം രാജ്യത്തിന്റെ ആവശ്യകതകള്‍ നിറവേറ്റാന്‍ പ്രാപ്തമാണെങ്കില്‍ മാത്രമേ നിലവിലുള്ള കല്‍ക്കരി പ്ലാന്റുകള്‍ പൂട്ടുന്ന കാര്യം പരിഗണിക്കാവൂ എന്നും കമ്മിറ്റി ശുപാര്‍ശയില്‍ വ്യക്തമാണ്.
കഴിഞ്ഞ മാസം ഗ്ലാസ്‌ഗോയില്‍ നടന്ന യു.എന്‍. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍, 2070-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാന്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2030-ഓടെ ഫോസില്‍ ഇതര ഇന്ധന സ്രോതസുകളില്‍ നിന്ന് 500 ജിഗാവാട്ട് സ്ഥാപിത വൈദ്യുതി കപ്പാസിറ്റി കൈവരിക്കുമെന്നും പ്രതിജ്ഞയെടുത്തിരുന്നു. ചെലവു കുറഞ്ഞ വൈദ്യുതി ഉല്‍പ്പാദന സ്രോതസ് എന്ന നിലയില്‍ ഫോസില്‍ ഇന്ധനങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തുമെന്ന ഊര്‍ജ മന്ത്രാലയത്തിന്റെ മുന്‍ നിലപാടില്‍ നിന്നും ഏറെ അകലെയാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ.
ഒക്ടോബര്‍ അവസാനവാരം വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണനയിലാണെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കരട് നയം തയ്യാറാക്കിക്കഴിഞ്ഞാല്‍, അഭിപ്രായങ്ങള്‍ക്കായി അത് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറും. കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ഗിരീഷ് പ്രധാന്‍ അധ്യക്ഷനായ സമിതി സംസ്ഥാനങ്ങളുടെ അടക്കം വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് ശുപാര്‍ശകള്‍ തയാറാക്കിയത്. കല്‍ക്കരി, പ്രകൃതി വാതകം, ആണവ പദാര്‍ത്ഥങ്ങള്‍, ജലം, പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ തുടങ്ങിയ വിഭവങ്ങളുടെ ഒപ്റ്റിമല്‍ വിനിയോഗത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ദേശീയ വൈദ്യുതി നയം മുന്നോട്ടുവയ്ക്കുന്നു. 2005-ലാണ് നയം അവസാനമായി പരിഷ്‌കരിച്ചത്.
കാര്യക്ഷമതയില്ലാത്ത പ്ലാന്റുകള്‍ പിന്‍വലിക്കുന്നതിലൂടെയും നിലവിലുള്ള കല്‍ക്കരി പദ്ധതികള്‍ പുനഃക്രമീകരിക്കുന്നതിലൂടെയും വൈദ്യുതി സംവിധാനത്തില്‍ ഡീകാര്‍ബണൈസേഷന്‍ നയം ഒരു പരിധിവരെ നടപ്പാക്കാന്‍ സാധിക്കും. ജല, വാതക അധിഷ്ഠിത പദ്ധതികള്‍ ഉല്‍പ്പാദനങ്ങള്‍ക്ക് അനുയോജ്യമാണ്. അതേസമയം കല്‍ക്കരി പ്ലാന്റുകള്‍ ആവശ്യമായ ഉല്‍പ്പാദനത്തിലെത്താന്‍ സമയമെടുക്കും. ആവശ്യകത കുറഞ്ഞാല്‍ പ്ലാന്റുകളുടെ വേഗം ക്രമീകരിക്കുകയും ബുദ്ധിമുട്ടാണ്. കൂടുതല്‍ താപ നിരക്ക് ഉള്ള കാര്യക്ഷമമല്ലാത്ത ഉല്‍പ്പാദന യൂണിറ്റുകള്‍ 2023 മാര്‍ച്ച് 31-ന് മുമ്പ് അടച്ചുപൂട്ടാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കല്‍ക്കരി പ്ലാന്റുകള്‍ക്കു പകരും ഊര്‍ജ ഉല്‍പ്പാദനത്തിനായി മറ്റു മാര്‍ഗങ്ങളെയാകും രാജ്യം ഭാവിയില്‍ പരിഗണിക്കുക. അടുത്തിടെ രാജ്യത്ത് നേരിട്ട കല്‍ക്കരി ക്ഷാമം വൈദ്യുതി ഉല്‍പ്പാദനത്തെ വലിയതോതില്‍ ബാധിച്ചിരുന്നു. കല്‍ക്കരി പ്ലാന്റുകളെ ഇന്ത്യ അമതിമായി ആശ്രയിക്കുന്നതിന്റെ നേര്‍ചിത്രമായിരുന്നു ഇത്. വൈദ്യുതിക്ഷാമം തുടരുന്നതിനിടെയാണ് വാക്ക് പാലിക്കാന്‍ ഇന്ത്യ കടുത്ത നടപടികളിലേക്കു കടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. കര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായി വാഹന മേഖലയിലടക്കം വലിയ ചുവടുവയ്പ്പുകളാണ് രാജ്യം നടത്തുന്നത്.