
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) പ്രകാരമുള്ള ബാങ്ക് അക്കൗണ്ടുകള്‍ 7 വര്‍ഷം കൊണ്ട് 44 കോടി പിന്നിട്ടു. കേന്ദ്ര ധന മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വിഭാഗം ഉപദേഷ്ടാവ് മനീഷ സെന്‍ശര്‍മ അറിയിച്ചതാണിത്. വാണിജ്യ സംഘടനയായ അസോച്ചെം സംഘടിപ്പിച്ച ദേശീയ ഇ സമ്മിറ്റില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. പിഎംജെഡിവൈ വഴി സമൂഹത്തിന്റെ താഴെത്തട്ടില്‍ പണമെത്തിക്കാനും സമ്പാദ്യശീലം വളര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. പദ്ധതി വന്‍ വിജയമാണ്.
ബാങ്ക് അക്കൗണ്ട്, ആധാര്‍, ഫോണ്‍ നമ്പര്‍ എന്നിവ ബന്ധിപ്പിക്കുന്നതു ധന സഹായ പദ്ധതികള്‍ കൃത്യമായി ആവശ്യക്കാരില്‍ എത്തുന്നു എന്നതും ഉറപ്പാക്കുന്നതായി മനീഷ പറഞ്ഞു. 2014 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംജെഡിവൈ പ്രഖ്യാപിച്ചത്. ആ വര്‍ഷം ഓഗസ്റ്റ് 28ന് പദ്ധതി നടപ്പിലായി.