
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരമായി സമൂഹ മാധ്യമം ഉപയോഗിക്കുന്ന ആളാണെന്ന് ഏവര്‍ക്കുമറിയാം. ഈ വേളയിലാണ് ട്വിറ്ററില്‍ 50 മില്യണ്‍ ഫോളോവേഴ്‌സ് കടന്നുവെന്ന വാര്‍ത്തയു പുറത്ത് വരുന്നത്. 68കാരനായ മോദി തന്റെ സന്ദേശങ്ങള്‍ മുതല്‍ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങള്‍ വരെ ട്വിറ്ററിലൂടെ പങ്കുവെക്കാറുണ്ട്. 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മൈക്രോ ബ്ലോഗിങ്ങിലൂടെയാണ് മോദി സമൂഹ മാധ്യമം ഉപയോഗിക്കാന്‍ ആരംഭിക്കുന്നത്. ഇതിനോടകം 24,500 ലധികം തവണയാണ് മോദി ട്വീറ്റ് ചെയ്തത്.
2227 അക്കൗണ്ടുകള്‍ അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കുള്ളതില്‍ നിന്നും പകുതി മാത്രം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. 108 മില്യണ്‍ ഫോളോവേഴ്‌സാണ് ഒബാമയ്ക്കുള്ളത്. തനിക്ക് 64 മില്യണിലധികം ഫോളേവേഴ്‌സുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിന് 30 മില്യണിലധികം ഫോളോവേഴ്‌സാണ് ഇപ്പോഴുള്ളത്.
സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ജനപ്രീതി കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമാതാരങ്ങളുള്‍പ്പെടെയുള്ള പ്രമുഖരെ ഉപയോഗിച്ചുവെന്ന് ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നു. യു.എസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോയോജീത് പാല്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. 2009 ഫെബ്രുവരിമുതല്‍ 2015 ഒക്ടോബര്‍വരെയുള്ള മോദിയുടെ 9,000-ത്തിലേറെ ട്വീറ്റുകളും തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രമുഖരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളുമാണ് പഠനവിധേയമാക്കിയത്. താരങ്ങളെ ടാഗ് ചെയ്തുകൊണ്ടുള്ള 414 ട്വീറ്റുകള്‍ മോദി ഈ കാലയളവില്‍ ചെയ്തു. അതില്‍ ഒന്നിലേറെ താരങ്ങളുടെ പേരുചേര്‍ത്തും ഒട്ടേറെ ട്വീറ്റുകളുണ്ട്.