
ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ (വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍) സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്നതിനാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്.
ഈ പുതിയ സ്‌ക്രാപ്പിംഗ് നയം സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥയുടെയും പാഴ്വസ്തുക്കളില്‍ നിന്ന് സമ്പത്ത് എന്നതിന്റേയും ഒരു സുപ്രധാന കണ്ണിയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നഗരങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിവേഗ വികസനത്തിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് ഈ ഈ നയത്തില്‍ പ്രതിഫലിക്കുന്നത്. പുനരുപയോഗം, പുനര്‍ചാക്രീകരണം, വീണ്ടെടുക്കല്‍ എന്നീ തത്വം പിന്തുടരുന്ന ഈ നയം ഓട്ടോ മേഖലയിലും ലോഹ (മെറ്റല്‍) മേഖലയിലും രാജ്യത്തിന്റെ സ്വാശ്രയത്വത്തെ പ്രോത്സാഹിപ്പിക്കും. ഈ നയം പതിനായിരം കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപം കൊണ്ടുവരികയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഈ നയത്തിലൂടെ എല്ലാതരത്തിലും പൊതുജനങ്ങള്‍ക്ക് വളരെയധികം ഗുണമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴയ വാഹനം പൊളിക്കുമ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും അതാണ് ഒന്നാമത്തെ നേട്ടം. ഈ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ഒരാള്‍ക്ക് ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്ട്രേഷനായി പണമൊന്നും നല്‍കേണ്ടതുമില്ല. ഇതോടൊപ്പം, റോഡ് നികുതിയിലും അദ്ദേഹത്തിന് ചില ഇളവുകളും നല്‍കും. പഴയ വാഹനങ്ങളുടെ പരിപാലന ചെലവ്, അറ്റകുറ്റ പ്പണികള്‍, ഇന്ധനക്ഷമത എന്നിവയും ഇതിലൂടെ സംരക്ഷിക്കപ്പെടും എന്നതാണ് രണ്ടാമത്തെ നേട്ടം. മൂന്നാമത്തെ പ്രയോജനം ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടി രിക്കുന്നതാണ്. പഴയ വാഹനങ്ങളും പഴയ സാങ്കേതികവിദ്യയും കാരണമുള്ള വലിയ അപകടസാദ്ധ്യതയുള്ള റോഡപകടങ്ങളില്‍ നിന്ന് കുറച്ച് ആശ്വാസം ലഭിക്കും. നാലാമതായി, അത് നമ്മുടെ ആരോഗ്യത്തില്‍ മലിനീകരണത്തിന്റെ ദോഷകരമായ പ്രഭാവം കുറയ്ക്കും.
പുതിയ നയപ്രകാരം വാഹനങ്ങളെ അതിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പൊളിക്കില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അംഗീകൃത, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററുകള്‍ വഴി വാഹനങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കും. യോഗ്യമല്ലാത്ത വാഹനങ്ങള്‍ ശാസ്ത്രീയമായി പൊളിക്കും. രാജ്യത്തിലുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത വാഹന സ്‌ക്രാപ്പിംഗ് സൗകര്യങ്ങള്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതും സുതാര്യവുമാണെന്ന് ഇത് ഉറപ്പാക്കും. ഈ പുതിയ നയം സ്‌ക്രാപ്പുമായി ബന്ധപ്പെട്ട മേഖലയ്ക്ക് പുതിയ ഊര്‍ജ്ജവും സുരക്ഷിതത്വവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ലഭിക്കും കൂടാതെ മറ്റ് സംഘടിത മേഖലകളിലെ ജീവനക്കാരെ പോലെയുള്ള ആനുകൂല്യങ്ങളും കിട്ടും.