പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന് നരേന്ദ്ര മോദി; 2.5 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതി

February 25, 2021 |
|
News

                  പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന് നരേന്ദ്ര മോദി; 2.5 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ബജറ്റിലെ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നടത്തവെ പറഞ്ഞത്. നഷ്ടത്തിലുള്ള ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. അവ എല്ലാം വില്‍ക്കാനാണ് തീരുമാനം. സ്വാകാര്യ മേഖലയില്‍ ഈ സ്ഥാപനങ്ങള്‍ എത്തുന്നതോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. കൂടുതല്‍ തൊഴിലവസരങ്ങളും ഉല്‍പ്പാദന ക്ഷമതയുമുണ്ടാകുമെന്നും മോദി പറഞ്ഞു.

നഷ്ടത്തിലോടുള്ള സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണം പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. നാല് തന്ത്രപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വില്‍ക്കില്ല. അത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിലനിര്‍ത്തും. ബാക്കിയുള്ളവയാണ് വിറ്റഴിക്കുക. രാജ്യത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. അവയെല്ലാം പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത് സര്‍ക്കാരിന് വലിയ ബാധ്യതയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന്റെ ജോലിയല്ലെന്നും മോദി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതോടെ വന്‍തോതില്‍ നിക്ഷേപം രാജ്യത്തുണ്ടാകും. അതുവഴി രാജ്യം പുരോഗതിയുടെ പാതയിലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അവസരം ഒരുങ്ങുമെന്നും മോദി പറഞ്ഞു. പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved