
സര്‍ക്കാര്‍ ബോണ്ടുകളില്‍ സാധാരണക്കാര്‍ക്കും നിക്ഷേപം നടത്താനായി റിസര്‍വ് ബാങ്ക് രൂപകല്പന ചെയ്ത പ്ലാറ്റ്ഫോം റീട്ടെയില്‍ ഡയറക്ട് പ്രധാനമന്ത്രി അവതരിപ്പിച്ചു. പുതിയ പ്ലാറ്റ്‌ഫോംവഴി ഓണ്‍ലൈനായി ആര്‍ബിഐയില്‍നിന്ന് ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും വില്‍ക്കാനും കഴിയും. ഇതോടെ സര്‍ക്കാര്‍ ബോണ്ടുകളുടെ വിപണിയില്‍ റീട്ടെയില്‍ പങ്കാളിത്തം ഉയരും. സര്‍ക്കാര്‍ പുറത്തിറക്കുന്ന ട്രഷറി ബില്‍, ഗവ.ഓഫ് ഇന്ത്യ സെക്യൂരിറ്റീസ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, സ്റ്റേറ്റ് ഡെവലപ്മന്റ് ലോണ്‍, സര്‍ക്കാര്‍ ബോണ്ട് തുടങ്ങിയവയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ സാധാരണക്കാര്‍ക്കും ലഭിക്കുക.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണസമാഹരണത്തിനായി പുറത്തിറക്കുന്നതാണ് സര്‍ക്കാര്‍ ബോണ്ടുകള്‍. ഹ്രസ്വകാലയളവിലുള്ളവ ട്രഷറി ബില്ലുകളെന്നും ഒരുവര്‍ഷത്തിനുമുകളിലുള്ളവ ഗവണ്‍മെന്റ് ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്. 91 ദിവസം മുതല്‍ 40 വര്‍ഷംവരെ കാലാവധിയുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. നിലവില്‍ 10 വര്‍ഷക്കാലാവധിയുള്ള ബോണ്ടിന്റെ ആദായം 6.5 ശതമാനവും മൂന്നുവര്‍ഷക്കാലാവധിയുള്ള ബോണ്ടിന്റെ ആദായം 5.1 ശതമാനവുമാണ്.
സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ടുകളായതിനാല്‍ നിക്ഷേപം സുരക്ഷിതമായിരിക്കും. ഓഹരി നിക്ഷേപത്തിനപ്പുറം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ടുകളില്‍ നിക്ഷേപം നടത്താം. ഓഹരികളിലെ നിക്ഷേപത്തെപോലെ നഷ്ടസാധ്യതയുണ്ടാവില്ല. സ്ഥിര വരുമാന പദ്ധതികളില്‍ ഏറ്റവും സുരക്ഷിതത്വമുള്ളതാണ് സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപം. ആദായം ഉറപ്പായും ലഭിക്കും. അതേസമയം, പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലനുസരിച്ച് ബോണ്ടുകളിലെ ആദായത്തിലും വ്യത്യാസമുണ്ടാകും.
ദ്വീതീയ വിപണി വഴി എപ്പോള്‍ വേണമെങ്കിലും ഇടപാട് നടത്താമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ബോണ്ടുകള്‍ ചെറിയതോതില്‍ വില്പന എളുപ്പമാവില്ല. റീട്ടെയില്‍ പങ്കാളിത്തംവര്‍ധിക്കുമ്പോള്‍ ഭാവിയില്‍ മാറ്റം വന്നേക്കാം. സ്ഥിര നിക്ഷേപം, കോര്‍പറേറ്റ് ബോണ്ട് എന്നിവയേക്കാള്‍ നികുതി ആനുകൂല്യം സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായത്തിന് ലഭിക്കും. ഒരു വര്‍ഷം കൈവശംവെച്ചശേഷം വില്‍ക്കുകയാണെങ്കില്‍ പണപ്പെരുപ്പ നിരക്ക് കിഴിവ് ചെയ്തശേഷ(ഇന്‍ഡക്സേഷന്‍ ബെനഫിറ്റ്)മുള്ള തുകയ്ക്ക് ആദായനികുതി നല്‍കിയാല്‍ മതിയാകും. ഒരു വര്‍ഷത്തില്‍താഴെക്കാലം കൈവശംവെച്ചശേഷം വില്‍ക്കുകയാണെങ്കില്‍ ഒരോരുത്തരുടെയും ബാധകമായ സ്ലാബിനനുസരിച്ചാണ് നികുതി നല്‍കേണ്ടത്.
കെവൈസ് നടപടിക്രമം പാലിച്ചശേഷം റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട് തുടങ്ങാം. ഓണ്‍ലൈനായി അതിന് സൗകര്യമുണ്ടാകും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ 3.30 വരെയാണ് ഇടപാടുകള്‍ നടത്താനാകുക. ബാങ്കില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നതുപോലെ വ്യക്തികള്‍ക്ക് ഒറ്റക്കോ കൂട്ടായോ അക്കൗണ്ട് ആരംഭിക്കാം. പാന്‍, കെവൈസി രേഖകള്‍, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. എന്‍ആര്‍ഐക്കാര്‍ക്കും നിക്ഷേപം നടത്താം.
മെച്ചൂരിറ്റി കാലാവധി പൂര്‍ത്തിയാക്കിയാല്‍ കൂപ്പണ്‍ നിരക്ക് അല്ലെങ്കില്‍ നിശ്ചിത പലിശ നിരക്കിനോടൊപ്പം നിക്ഷേപതുക തിരിച്ചുകിട്ടും. കാലാവധിയെത്തുംമുമ്പ് എക്‌സ്‌ചേഞ്ച് വഴി വിറ്റ് പണംതിരിച്ചെടുക്കാം. എക്‌സ്‌ചേഞ്ചിലെ ഇടപാടില്‍ മൂല്യത്തില്‍ വ്യതിയാനം ഉണ്ടാകുമെങ്കിലും മൂലധനം സുരക്ഷിതമായിരിക്കും. തരക്കേടില്ലാത്ത ആദായവും ലഭിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയാണ് ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഡെറ്റ് വിഭാഗത്തില്‍ ഗില്‍റ്റ് ഫണ്ട് എന്നപേരിലാണ് നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്. ചുരുക്കും ചിലരാജ്യങ്ങളില്‍മാത്രമാണ് സര്‍ക്കാര്‍ ബോണ്ടുകളില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.