
ജൂണ്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന 'ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍' പദ്ധതിയ്ക്ക് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. 116 ജില്ലകളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്തിയതായി ധനമന്ത്രി വ്യക്തമാക്കി. ഈ 116 ജില്ലകളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 25 പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനായി 50,000 കോടി രൂപ വകയിരുത്തിയിട്ടുള്ളതായി സീതാരാമന്‍ പറഞ്ഞു.
ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നീ ആറ് സംസ്ഥാനങ്ങളിലായി 116 ജില്ലകളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിനായി 25 വ്യത്യസ്ത പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ ഉപജീവന അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 20 ന് ഗാരിബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് ട്വീറ്റ് ചെയ്തിരുന്നു.
116 ജില്ലകളിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് 25ഓളം മേഖലകളില്‍ 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 20ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ആദ്യ ഘട്ടത്തില്‍ നാലുമാസത്തേക്കാണ് ജോലി നല്‍കുന്നതെങ്കിലും പിന്നീട് കുടിയേറ്റക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിലയിരുത്ത് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സീതാരാമന്‍ വ്യക്തമാക്കി. ശൌചാലയ സമുച്ചയങ്ങള്‍, ഗ്രാമപഞ്ചായത് ഭവന്‍, ദേശീയപാത പ്രവര്‍ത്തനങ്ങള്‍, കിണറുകളുടെ നിര്‍മ്മാണം, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിങ്ങനെ വിവിധ മേഖലകളിലാണ് ജോലികള്‍ നല്‍കുക. ജല്‍ ജീവന്‍ മിഷന്‍, ഗ്രാമ സഡക് യോജന തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ വഴിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ കുടിയേറ്റക്കാരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞാണ് 25 വ്യത്യസ്ത പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും സീതാരാമന്‍ വ്യക്തമാക്കി.