
തിരുവനന്തപുരം: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് നടത്തിയ കുംഭകോണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2019ലെ ഏറ്റവും വലിയ ബാങ്ക് കുംഭകോണമാണ് നടന്നിരിക്കുന്നതെന്നും 6670 കോടിയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും കുറ്റപത്രം പറയുന്നു. ഹൗസിങ് ഡവലപ്പ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്,പ്രമോട്ടര്‍മാരായ രാകേഷ് കുമാര്‍ വാധവാന്‍,സാരംഗ്,ബാങ്ക് മുന്‍ ചെയര്‍മാന്‍ ജോയ് തോമസ്, എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇത്രയും തുകയുടെ തട്ടിപ്പ് നടത്തിയത്. നേരത്തെ എടുത്ത വായ്പകള്‍ തിരിച്ചടക്കാതിരുന്നിട്ട് പോലും എച്ച്‌ഐഡിഎല്ലിന് പിഎംസി ബാങ്ക് വീണ്ടും വായ്പ അനുവദിച്ചു.
തട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ തുറക്കാനും ബാങ്ക് കൂട്ട് നിന്നു. ബാങ്കിന്റെ വായ്പകളില്‍ 73% നല്‍കിയിരിക്കുന്നത് നിലവില്‍ പ്രവര്‍ത്തിക്കാത്ത എച്ച്‌ഐഡിഎല്ലിന് തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുകയായിരുന്നു കമ്പനി. കമ്പനിയുടെ യുഎഇ,യുകെ അടക്കമുള്ള സ്ഥലങ്ങളിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിക്കൊണ്ടിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ബാങ്കിന്റെ അഴിമതിക്കും എച്ച്‌ഐഡിഎല്‍ കമ്പനിയുടെ തട്ടിപ്പിനും എതിരെ സെപ്തംബര്‍ 30നാണ് ഇഡി കേസ് രജിസ്ട്രര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം ചുമത്തിയാണ് കേസെടുത്തത്. ആയിരക്കണക്കിന് നിക്ഷേപകരെയാണ് ബാങ്ക് വഞ്ചിച്ചത്. കേസില്‍ പന്ത്രണ്ട് പേര്‍ നിലവില്‍ അറസ്റ്റിലാണ്. സെപ്തംബര്‍ 23ന് ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആര്‍ബിഐ ആറ് മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.