
രാജ്യത്തുടനീളം സാമ്പത്തിക, വ്യാപാര പ്രവര്‍ത്തനങ്ങളിലെ മന്ദഗതി മാറുന്നില്ലെന്ന സൂചനയാണ് ഇപിഎഫ്ഒ ശമ്പള ഡാറ്റയും വിവിധ സബ്‌സിഡി പെന്‍ഷന്‍ പദ്ധതികളും നല്‍കുന്നത്. കോവിഡ് -19 മൂലമുണ്ടായ തൊഴില്‍ പ്രശ്‌നം ഇപ്പോഴും രൂക്ഷമായി തുടരുന്നതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സബ്‌സിഡി പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധനില്‍ (പിഎംഎസ്‌വൈഎം) പുതുതായി ചേര്‍ന്നവരുടെ എണ്ണം ഫെബ്രുവരിയിലെ 1.9 ലക്ഷത്തില്‍ നിന്ന് മാര്‍ച്ചില്‍ 1.1 ലക്ഷമായി കുറഞ്ഞു. തുടര്‍ന്ന് ഏപ്രിലില്‍ 18,000 ല്‍ താഴെയായി. മെയ് മാസത്തിലും ഇത്രയും തന്നെ മാത്രം.ജൂണ്‍ മാസത്തില്‍ വെറും 14,484 ആയിരുന്നു. ഈ മാസം എട്ടാം തീയതി വരെ പിഎംഎസൈ്വഎമ്മിന് കീഴിലുള്ള പുതിയ എന്റോള്‍മെന്റുകള്‍ 2,400 ല്‍ കുറവാണെന്നതും അനൗപചാരിക മേഖലയെ ബാധിക്കുന്ന പ്രതിസന്ധിയുടെ വമ്പിച്ച പ്രതിഫലനമായി. തൊഴില്‍ നഷ്ടങ്ങളും വരുമാന വീഴ്ചകളും ദീര്‍ഘകാലത്തേക്ക് തിരിച്ചെടുക്കാനാവില്ലെന്ന പ്രതീതിയാണ് ഇപ്പോഴുമുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 85 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്ന അസംഘടിത മേഖലയിലെ വീട്ടുവേലക്കാര്‍, റിക്ഷാ ജീവനക്കാര്‍, പാദുക തൊഴിലാളികള്‍, മറ്റ് താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്ക് സാമൂഹ്യ സുരക്ഷാ പരിരക്ഷ നല്‍കുന്നതിന് വേണ്ടിയാണ് 2019 ഫെബ്രുവരിയില്‍ പിഎംഎസ് വൈഎം പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. 2019 നവംബറില്‍ മാത്രം 5.5 ലക്ഷം പേര്‍ അംഗങ്ങളായി. അതു വരെ മൊത്തം 44.17 ലക്ഷം തൊഴിലാളികള്‍ ചേര്‍ന്നു.അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 കോടി എന്ന വിദൂര ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
അതുപോലെ, 2019 സെപ്റ്റംബര്‍ 12 ന് ആരംഭിച്ച പ്രധാന്‍ മന്ത്രം കരം യോഗി മാന്‍ ധന്‍ സ്‌കീമിന് (പിഎംകെവൈഎംഎസ്) കീഴില്‍ 40,368 വ്യാപാരികള്‍ (ചെറുകിട വ്യാപാരികള്‍) മാത്രമേ ചേര്‍ന്നിട്ടുള്ളൂ. ഈ പദ്ധതി ലക്ഷ്യമിടുന്നത് മൂന്ന് കോടി റീട്ടെയില്‍ വ്യാപാരികളെയാണ്. രണ്ട് പദ്ധതികള്‍ക്കും കേന്ദ്ര ബജറ്റില്‍ നിന്ന് 50% സബ്സിഡി നല്‍കുന്നു. ഇത്തവണ ബജറ്റ് വിഹിതം യഥാക്രമം 500 കോടി രൂപയും 180 കോടി രൂപയും.
വ്യാപാരികളുടെ പദ്ധതി 1.5 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. രണ്ട് സ്‌കീമുകളിലും വിരമിക്കല്‍ പ്രായം കഴിഞ്ഞ വരിക്കാരന് പ്രതിമാസം വാഗ്ദാനം ചെയ്യുന്നത് 3,000 രൂപ പെന്‍ഷന്‍. 18-40 വയസ് പ്രായത്തിലുള്ളവര്‍ സ്‌കീമുകളില്‍ ചേരാന്‍ അര്‍ഹരാണ്. ഇവര്‍ അടയ്ക്കേണ്ട അംശാദായം പ്രായത്തെ ആശ്രയിച്ചിരിക്കും.
കോവിഡ് -19 അസംഘടിത തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് എന്റോള്‍മെന്റിലെ താല്‍പ്പര്യക്കുറവ് തെളിയിക്കുന്നതെന്ന് ലേബര്‍ ഇക്കണോമിസ്റ്റ് കെ ആര്‍ ശ്യാം സുന്ദര്‍ പറഞ്ഞു. നിശ്ചിത പ്രീമിയം അടയ്ക്കാനുള്ള കഴിവില്ലായ്മ വ്യക്തം. ഇപിഎഫിലെന്നതുപോലെ ഒരു നിര്‍ദ്ദിഷ്ട കാലാവധിക്കുള്ള സബ്‌സിഡി നയം ഇവിടെയും സര്‍ക്കാര്‍ അവതരിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനുമുമ്പ് തൊഴിലില്ലായ്മാ നിരക്ക് 8 ശതമാനമായിരുന്നുവെന്നാണ് കണക്ക്. ജൂണില്‍ 11 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. 2017-18 ല്‍ ശരാശരി 4.6 ശതമാനമായിരുന്നു.2018-19ല്‍ 6.3 ശതമാനമാനവും.2019-20 ല്‍ 7.6 ശതമാനമായി.ഏപ്രിലില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) തവണ അടച്ച അംഗങ്ങളുടെ എണ്ണം മാര്‍ച്ചിനേക്കാള്‍ ഒരു കോടി കുറവായിരുന്നു. ലോക്ഡൗണ്‍ മാസത്തില്‍ 36% സ്ഥാപനങ്ങളേ പണം അടച്ചുള്ളൂ. ജൂണിലും രേഖപ്പെടുത്തിയ കുറവ് ലോക്ഡൗണ്‍ കാലയളവില്‍ വേതനം നല്‍കാത്തതിന്റെയും തൊഴില്‍ നഷ്ടത്തിന്റെയും തീവ്രത വ്യക്തമാക്കുന്നു.